കോഴിക്കോട്: മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത സ്‌ത്രീ അറസ്റ്റിലായി. വയനാട് ഇരുളം മണവയല്‍ അങ്ങാടിശേരി പുതിയേടത്ത് വീട്ടില്‍ കെകെ ബിന്ദു (43) ആണ് അറസ്‌റ്റിലായത്. 45 തവണയായി 5.600 കിലോഗ്രം സ്വര്‍ണ്ണം പണയം വച്ച്.1.69 കോടി രൂപയാണ് ബിന്ദു വായ്‌പ്പയെടുത്തിരുന്നത്. ബാങ്ക് കെട്ടിടത്തിന് താഴെയും കോര്‍ട്ട് റോഡിലുമായി റെഡിമെയ്‌ഡ് കട, മെസ് ഹൗസ്, ബ്യൂട്ടി പാര്‍ലര്‍ ,ടെയ്‌ലറിംഗ് യൂണിറ്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ നടത്തുകയാണ് ബിന്ദു. ബാങ്ക് ജീവനക്കാരുമായുളള സൗഹൃദം മുതലെടുത്താണ് ഇവര്‍ വ്യാജ സ്വര്‍ണ്ണം നല്‍കി ഇത്രയധികം തുക വായ്‌പ്പ സംഘടിപ്പിച്ചത്.
10 ശതമാനം വരെ സ്വര്‍ണ്ണത്തിന്റെ അംശമുളള ആഭരണങ്ങളാണ് തട്ടിപ്പിന് ഉപയോഗിച്ചത്. വളകളും മാലകളുമായിരുന്നു ഇതില്‍ ഏറെയും. തൃശൂരില്‍ നിന്നാണ് സ്വര്‍ണ്ണം എത്തിച്ചതെന്ന് പ്രതി മൊഴി നല്‍കി. ബാങ്ക് ജീവനക്കാരുടെ പങ്കിനെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
പിഎം താജ് റോഡിലെ യൂണിയന്‍ ബാങ്ക് ശാഖയില്‍ 2020 ഫെബ്രുവരി മുതല്‍ നവംബര്‍ 24 വരെയുളള കാലയളവിലാണ് തട്ടിപ്പ് നടന്നത്. 1,68,51,385/- രൂപ കൈപ്പറ്റിയിട്ടുണ്ട് . 20 തവണ ബിന്ദുവാണ് പണയം വച്ചത്. ബാക്കിയുളളവ സ്ഥാപനത്തിലെ ജീവനക്കാരുടെ അക്കൗണ്ട് വഴിയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ബാങ്കിന്റെ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് നല്‍കിയ പരാതിയില്‍ ടൗണ്‍ പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.
പണയം വയ്‌ക്കുന്ന സ്വര്‍ണ്ണം പരിശോധിക്കുന്ന അപ്രൈസര്‍ക്കും തട്ടിപ്പില്‍ ബന്ധമുളളതായി സംശയമുണ്ട്. ബാങ്ക് മാനേജരേയും കടയിലെ ജീവനക്കാരേയും പോലീസ് ചോദ്യം ചെയ്യും. നഗരത്തിലെ ഫ്‌ളാറ്റിലാണ് ബിന്ദു താമസിച്ചിരുന്നത്. ഇവിടെ നിന്നും ബിന്ദുവിന്റെ കടകളില്‍ നിന്നും വ്യാജ സ്വര്‍ണ്ണം പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെ ചിട്ടി തട്ടിപ്പുകേസില്‍ പ്രതിയായിരുന്ന ബിന്ദു ജാമ്യത്തിലിറങ്ങിയതാണ്. ടൗണ്‍ ഇന്‍സ്‌പെക്ടര്‍ എ ഉമേഷ് അറസ്റ്റ് ചെയ്‌ത പ്രതിയെ കോടതി റിമാന്റ് ചെയ്‌തു. വിവിധയിടങ്ങളിലെ തെളിവെടുപ്പിനായി കസ്‌റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു.