കൊല്‍ക്കത്ത: ശാരദാ ഗ്രൂപ്പ് കമ്പനി ഉടമകള്‍ നടത്തിയ തട്ടിപ്പ് പുറത്തറിയാതിരിക്കാന്‍ കോണ്‍ഗ്രസ്, സി.പി.എം, ടി.എം.സി എം.എല്‍.എമാര്‍ തന്റെ പക്കല്‍ നിന്ന് അനധികൃതമായി പണം വാങ്ങിയെന്ന് ആരോപിച്ച് കേസിലെ മുഖ്യ സൂത്രധാരന്‍ സുദിപ്ത സെന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. നേതാക്കള്‍ തന്നില്‍ നിന്ന് രണ്ട് കോടി രൂപ മുതല്‍ ആറ് കോടി രൂപ വരെ തുക കൈക്കലാക്കിയെന്നാണ് സെന്‍ കത്തില്‍ ആരോപിക്കുന്നത്. ബിമന്‍ ബോസ് തന്നില്‍ നിന്ന് രണ്ട് കോടി രൂപയാണ് വാങ്ങിയത്.
അടുത്തിടെ സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് രാജിവച്ച ടി.എം.സി എം.എല്‍.എ സുവേന്ദു അധികാരി ആറ് കോടി രൂപ വാങ്ങിയെന്നും കത്തിലുണ്ട്. സിപിഎം എംഎല്‍എ സുജന്‍ ചക്രവര്‍ത്തിക്ക് 6 കോടി രൂപയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ആധിര്‍ രഞ്ജന്‍ ചൗധരി 9 കോടിയും വാങ്ങിയിട്ടുണ്ട്. ഈ അഴിമതിയെ കുറിച്ച് അന്വേഷിക്കാനും സിബിഐയോടും പശ്ചിമ ബംഗാള്‍ പോലീസിനോടും സെന്‍ തന്റെ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ശാരദാ ഗ്രൂപ്പ് കമ്പനി ഉടമകള്‍ നടത്തിയ തട്ടിപ്പ് പുറത്തറിയാതിരിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും പണം കൈപ്പറ്റിയെന്നുമാണ് സെന്നിന്റെ ആരോപണം.സുദിപ്ത സെന്നിനെതിരായ സെബി, കമ്പനി രജിസ്ട്രാര്‍ എന്നീ ഏജന്‍സികളുടെ അന്വേഷണം ഉണ്ടാകാതിരിക്കാനാണ് പണം കൈപറ്റിയതെന്നാണ് വിവരം.

