തിരുവനന്തപുരം: കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ ഉള്ളവര്‍ക്കും ഏര്‍പ്പെടുത്തിയ സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ വിതരണം ചെയ്യുന്നതിന് സംസ്ഥാന തിരഞ്ഞടെുപ്പ് കമ്മീഷന്‍ അധിക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് നേരിട്ട് നല്‍കുന്നതിന് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് സമാനമായ തസ്തികയിലുള്ളവര്‍ വേണമെന്ന് നിര്‍ബന്ധമില്ല. സ്പെഷ്യല്‍ പോളിംഗ് ഓഫീസര്‍മാരായി വില്ലേജ് ഓഫീസര്‍ തസ്തികയിലുള്ളവരെയോ അതിന് സമാനമായ തസ്തികയിലുള്ളവരെയോ കൂടി പരിഗണിക്കും.
സ്പെഷ്യല്‍ വോട്ടര്‍ ഫാറം 19 ബി യിലെ അപേക്ഷ കൈപ്പറ്റി ഒപ്പിട്ട് നല്‍കുകയും ബാലറ്റ് പേപ്പര്‍ കൈമാറുകയും ചെയ്താല്‍ മാര്‍ക്ക്ഡ് കോപ്പിയില്‍ അയാളുടെ പേരിന് നേരെ ചുവന്ന മഷികൊണ്ട് SPB എന്ന് മാര്‍ക്ക് ചെയ്യണം. ബാലറ്റിനുള്ള അപേക്ഷ ഒപ്പിട്ട് നല്‍കാന്‍ വിസമ്മതിച്ചാല്‍ മാര്‍ക്ക്ഡ് കോപ്പിയില്‍ SPB Refused എന്ന് രേഖപ്പെടുത്തണം. ഈ രണ്ട് വിഭാഗങ്ങളിലും പെടാത്ത സര്‍ട്ടിഫൈഡ് ലിസ്റ്റിലുള്ള സ്പെഷ്യല്‍ വോട്ടര്‍മാരുടെ പേരിന് നേരെ മാര്‍ക്ക്ഡ് കോപ്പിയില്‍ SV എന്നും മാര്‍ക്ക് ചെയ്യണം. ഇവര്‍ക്ക് പോളിംഗ് സ്റ്റേഷനില്‍ പോയി വോട്ടു ചെയ്യാന്‍ സാധിക്കില്ല. സ്പെഷ്യല്‍ വോട്ടര്‍ക്ക് വോട്ടുചെയ്യുന്നതിന് ആവശ്യമായ പേന, മഷി പാഡ്, ഗ്ലൂസ്റ്റിക് മറ്റ് തിരഞ്ഞെടുപ്പ് സാധനങ്ങള്‍ എന്നിവ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ വരണാധികാരികളാണ് നല്‍കേണ്ടത്.
സ്പെഷ്യല്‍ ബാലറ്റിനായി വോട്ടെടുപ്പിന് തലേ ദിവസം വൈകിട്ട് മൂന്ന് വരെ നേരിട്ടോ തപാല്‍ വഴിയോ ലഭിക്കുന്ന അപേക്ഷകള്‍ക്ക് വൈകിട്ട് ആറിന് മുമ്പ് തന്നെ പോസ്റ്റല്‍ ബാലറ്റുകള്‍ അയക്കണം. ഡെസിഗ്നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫൈഡ് ലിസ്റ്റിലെ വോട്ടറുടെ പേരോ മറ്റ് വിവരങ്ങളോ സംബന്ധിച്ച് എന്തെങ്കിലും അവ്യക്തതയുണ്ടെങ്കില്‍ പ്രസ്തുത തദ്ദേശസ്ഥാപനത്തിലെ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസറുമായി ബന്ധപ്പെട്ട് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ / വരണാധികാരി വ്യക്തത വരുത്തണം.
വോട്ടെടുപ്പിന്റ തലേ ദിവസം വൈകിട്ട് മൂന്ന് മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും ക്വാറന്റീനില്‍ ഉള്ളവര്‍ക്കും പോളിംഗ് സ്റ്റേഷനില്‍ നേരിട്ടെത്തി വോട്ടു ചെയ്യാം. അതിനായി വോട്ടര്‍മാര്‍ വൈകിട്ട് ആറിന് മുമ്പ് പോളിംഗ് സ്റ്റേഷനില്‍ എത്തണം. എന്നാല്‍ ആറിന് ക്യൂ വിലുള്ള മുഴുവന്‍ സാധാരണ വോട്ടര്‍മാരും വോട്ടുചെയ്തതിനുശേഷം മാത്രമേ വോട്ടു ചെയ്യാന്‍ അനുവദിക്കൂ. അവര്‍ പോളിംഗ് സ്റ്റേഷനില്‍ കയറുന്നതിന് മുമ്പ് പോളിംഗ് ഉദ്യോഗസ്ഥരും ഏജന്റ്മാരും നിര്‍ബന്ധമായും പിപിഇ കിറ്റ് ധരിച്ചിരിക്കണം. സര്‍ക്കാര്‍ നിയന്ത്രിതമല്ലാത്ത സ്ഥാപനങ്ങളിലോ വീടുകളിലോ കഴിയുന്ന സ്പെഷ്യല്‍ വോട്ടര്‍മാര്‍ സ്വന്തം ചെലവില്‍ പിപിഇ കിറ്റ് ധരിച്ച് എത്തണം. വോട്ട് ചെയ്തതിന് ശേഷം എല്ലാവരുടെയും പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ള കോവിഡ് പ്രതിരോധ ഉപാധികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം നശിപ്പിക്കണം.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/9342/Kerala-Local-Body-Election;-Special-Postal-Vote.html