സ്വകാര്യ ബസ്സുകള്‍ക്ക് ഏതു റൂട്ടിലും ഓടാൻ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍

തിരുവനന്തപുരം: സ്വകാര്യ ബസ്സുകള്‍ക്ക് ഏതു റൂട്ടിലും ഓടാന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമോട്ടോര്‍വാഹന നിയമഭേദഗതി പ്രകാരം ഓണ്‍ലൈന്‍ ടാക്സികളെ നിയന്ത്രിക്കാന്‍ നിയമനിര്‍മാണത്തിന് നൽകിയ നിർദ്ദേശമനുസരിച്ചാണ് നടപടി. ഓണ്‍ലൈന്‍ ടാക്സി സര്‍വീസിന് മാര്‍ഗനിര്‍ദേശങ്ങള്‍ നൽകിയതിനൊപ്പമാണ് ഉത്തരവ്.

ഇതിനായി അഞ്ചുവര്‍ഷത്തേക്ക് അഞ്ചുലക്ഷം രൂപയും ലൈസന്‍സ് ഫീസും അടയ്ക്കണം . 100 ബസുകളും 1000 മറ്റു വാഹനങ്ങളും ഉള്ള കമ്പനികള്‍ ഒരുലക്ഷം രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി അടയ്ക്കണം. സഹകരണനിയമപ്രകാരം രജിസ്ട്രര്‍ചെയ്ത സ്ഥാപനങ്ങള്‍ക്കും ലൈസന്‍സിന് അപേക്ഷിക്കാം.

സംസ്ഥാന സര്‍ക്കാരിനും കേന്ദ്രനിയമത്തിന് അനുസൃതമായി ഉത്തരവിറക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഏതുതരം വാഹനങ്ങളും
ഓണ്‍ലൈനില്‍ വാടക ഈടാക്കി ഓടിക്കാം. ഇതോടെ ഓണ്‍ലൈന്‍ ടിക്കറ്റ് നല്‍കി ഏത് റൂട്ടിലും ബസ് ഓടിക്കാനുള്ള അവകാശം അഗ്രഗേറ്റര്‍ ലൈസന്‍സ് സമ്പാദിക്കുന്നവര്‍ക്ക് ലഭിക്കും. നിലവിലെ അന്തര്‍സംസ്ഥാന ആഡംബര ബസ് ഓപ്പറേറ്റര്‍മാര്‍ക്ക് അഗ്രഗേറ്റര്‍ ലൈസന്‍സ് എടുത്താല്‍ ഏത് റൂട്ടിലും ടിക്കറ്റ് നല്‍കി യാത്രക്കാരെ കൊണ്ടുപോകാനും കഴിയും. യാത്രക്കാര്‍ക്ക് ഡ്രൈവര്‍മാരുടെ സേവനങ്ങള്‍ വിലയിരുത്തി മാര്‍ക്കിടാൻ കഴിയുമെന്ന പ്രത്യേകതയുമുണ്ട്. ഇവര്‍ക്ക് പരിശീലന ക്ലാസുകളും ആരോഗ്യ പരിശോധനയും ഇന്‍ഷുറന്‍സും നിര്‍ബന്ധമാണ്. ഡ്രൈവര്‍മാര്‍ക്കും ജീവനക്കാര്‍ക്കും യോഗ്യതയും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →