പൂനെ: സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍. വാക്‌സിന്‍ സ്വീകരിച്ച വൊളന്റിയര്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ടായി എന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പ്രതികരണം. അതേസമയം, തങ്ങള്‍ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ സുരക്ഷിതമാണെന്നും വാക്‌സിന്‍ സ്വീകരിച്ച ചെന്നൈയിലുള്ള സന്നദ്ധ പ്രവര്‍ത്തകന് പാര്‍ശ്വഫലങ്ങള്‍ വന്നത് വാക്‌സിന്‍ തകരാര്‍ കാരണം അല്ലെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും വ്യക്തമാക്കി. പാര്‍ശ്വഫലം സംബന്ധിച്ച ആരോപണത്തില്‍ നിരവധി പരിശോധനകള്‍ നടക്കുന്നുണ്ട്. ആരോപണം സംബന്ധിച്ച പ്രാഥമിക അന്വേഷണത്തില്‍ നിന്നും വാക്‌സിന്‍ പരീക്ഷണം നിര്‍ത്തലാക്കേണ്ട ആവശ്യമില്ലെന്നാണ് വ്യക്തമായതെന്നും ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.
ചെന്നൈയില്‍ നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകനാണ് പാര്‍ശ്വഫലങ്ങള്‍ വ്യക്തമാക്കി രംഗത്തെത്തിയത്. കുത്തിവെയ്‌പെടുത്തതോടെ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതെന്ന് ആരോപിച്ച് ഇയാള്‍ എസ്ഐഐ, അസ്ട്രാസെനേക തുടങ്ങിയവര്‍ക്കെതിരെ 5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇതോടെയാണ് വാക്‌സിനെ കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നത്. ഇക്കാര്യത്തെ ക്കുറിച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലും എത്തിക്‌സ് കമ്മറ്റിയും അന്വേഷിക്കുന്നുണ്ട്.