കൊച്ചി: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തുശതമാനം സംവരണം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്ത 2020 ജനുവരി മൂന്ന് മുതലുളള പി.എസ്.സി റാങ്ക് പട്ടികകള്‍ക്ക് ഇത് ബാധകമാക്കണമെന്നതടക്കമുളള ആവശ്യങ്ങള്‍ ഉന്നയിച്ച് നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിനും പിഎസ് സിക്കും നോട്ടീസയക്കാന്‍ ഹൈക്കോടതി ഉത്തരവായി.
പിഎസ് സി നിയമനങ്ങളില്‍ 2020 നവംബര്‍ 23 മുതലാണ് സാമ്പത്തിക സംവരണം നടപ്പിലാക്കിയത്. ഇങ്ങനെ ചെയ്യാന്‍ പിഎസ് സിക്ക് അധികാരമില്ലെന്നും ജനുവരി 3ന് നിലവിലുളളതും പിന്നീട് നിലവില്‍ വന്നതുമായ എല്ലാ റാങ്ക് ലിസ്റ്റുകള്‍ക്കും സാമ്പത്തിക സംവരണം ബാധകമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
പിഎസ്.സി നിയമനങ്ങള്‍ക്കുളള റൊട്ടേഷനില്‍ ഒമ്പതാം ഊഴമാണ് സാമ്പത്തിക സംവരണത്തിന്. ഇത് മൂന്നാം ഊഴമാക്കണമെന്നും പൊതുവിഭാഗത്തില്‍ നിന്നാണ് സാമ്പത്തീക സംവരണം നല്‍കുന്നതെന്നതിനാല്‍ മറ്റുസംവരണ വിഭാഗങ്ങളെ ഇത് ബാധിക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. സാമ്പത്തിക സംവരണത്തിന് ആളില്ലെങ്കില്‍ ഇത് ലാപ്‌സാകുമെന്ന ചട്ടം 15(സി.എ)റദ്ദാക്കണം.രണ്ടുതവണകൂടി വിജ്ഞാപനം ചെയ്യണം. എന്നിട്ടും ഒഴിവ് നികത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പൊതു വിഭാഗത്തില്‍ സാമ്പത്തിക സംവരണത്തിന് അര്‍ഹരായ സമുദായത്തിന് നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.