തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വീണ്ടും നോട്ടീസ് നല്‍കും. സിഎം രവീന്ദ്രന് കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലായി പത്തിലധികം സ്ഥാപനങ്ങളില്‍ ഓഹരിയുളളതായി എന്‍ഫോഴ്സ് മെന്റ് ഡയറക്ട്രേറ്റ് നടത്തിയ പരിശോധനകളില്‍ വിവരം ലഭിച്ചു. കോഴിക്കോട് സബ്സോണല്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധയുടെ റിപ്പോര്‍ട്ട് ഉടന്‍ കൊച്ചി യൂണിറ്റിന് കൈമാറുമെന്നാണ് വിവരം.
രവീന്ദ്രന് പങ്കാളിത്തമുണ്ടെന്ന് പരാതി ഉയര്‍ന്ന വാടകര, ഓര്‍ക്കാട്ടിരി, തലശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലെ 24 സ്ഥാപനങ്ങളിലാണ് ഇഡി പരിശോധന നടത്തിയിത്. ഇതില്‍ 12 എണ്ണത്തില്‍ രവീന്ദ്രനോ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കോ ഓഹരിയുണ്ടെന്നാണ് സൂചന. ഇലക്ട്രോണിക്ക് സ്ഥാപനം, മൊബൈല്‍ കട, സൂപ്പര്‍ മാര്‍ക്കറ്റ്, ടൂറിസ്റ്റ് ഹോം, വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളിലാണ് പങ്കാളിത്തം കണ്ടെത്തിയത്. രവീന്ദ്രനെ ചോദ്യം ചെയ്തശേഷമായിരിക്കും ഇതിന്റെ രേഖകളും കൂടുതല്‍ പരിശോധനകളും നടത്തുക. അതിന്റെ ഭാഗമായാണ് ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിയില്‍ നിന്നും വിശദാംശങ്ങള്‍ തേടിയത്.

