ചെന്നൈ: നടൻ വിജയ് ആരാധക സംഘടനയുടെ പ്രവർത്തനം യൂട്യൂബ് ചാനലിലൂടെ സജീവമാക്കാൻ ഒരുങ്ങുന്നു.വിജയ് മക്കൾ ഇയക്കത്തിന്റെ പേരിൽ യുട്യൂബ് ചാനൽ ആരംഭിക്കാനാണ് തീരുമാനം.വിജയ്‌യുടെ പ്രസ്താവനകളും അറിയിപ്പുകളും ആരാധകർക്കുള്ള നിർദേശവുമൊക്കെ ഈ ചാനലിലൂടെ അറിയിക്കുമെന്ന് ആരാധകസംഘടനയുടെ ചുമതല വഹിക്കുന്ന എൻ. ആനന്ദ് അറിയിച്ചു.
രാഷ്ട്രീയപ്പാർട്ടി രൂപവത്കരണവുമായി ബന്ധപ്പെട്ട് അച്ഛൻ എസ്.എ. ചന്ദ്രശേഖറുമായുള്ള ഭിന്നതയ്ക്കിടെയാണ് പുതിയ നീക്കം. യുട്യൂബ് ചാനൽ ആരംഭിക്കുന്നതിന് മുമ്പ് 30-11-2020 ഞായറാഴ്ച വിഴുപുരത്ത് എൻ. ആനന്ദ് വിജയ് മക്കൾ ഇയക്കത്തിന്റെ ജില്ലാ നേതാക്കളുമായി ചർച്ചനടത്തി. സംഘടനയുടെ പ്രവർത്തനം പൂർണമായും വിജയ്‌യുടെ നിയന്ത്രണത്തിലാക്കുകയാണ് പുതിയ നീക്കങ്ങൾ ലക്ഷ്യമിടുന്നത്.
വിജയ്‌യുടെ ആരാധകസംഘടനയെ രാഷ്ട്രീയപ്പാർട്ടിയാക്കി മാറ്റാനുള്ള പിതാവ് ചന്ദ്രശേഖറുടെ ശ്രമത്തെ വിജയ് പരസ്യമായി തള്ളിയതോടെ രാഷ്ട്രീയപ്പാർട്ടി രൂപവത്കരണത്തിനുള്ള നടപടികൾ നിർത്തിവെച്ചിരിക്കുകയാണ്.

