ആലപ്പുഴ: കെഎസ്എഫ്ഇയിൽ റെയ്ഡ് നടന്നതിന്റെ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വിജിലൻസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ധനമന്ത്രി തോമസ് ഐസക്. വിജിലൻസിന്റെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ച സർക്കാർ പരിശോധിക്കും.
കെഎസ്എഫ്ഇയുടെ എതിരാളികൾക്ക് ഒരു പോലെ ആയുധമായ പരിശോധന മുഖ്യമന്ത്രി അറിഞ്ഞില്ലെന്നും തോമസ് ഐസക് 29/11/20 ഞായറാഴ്ച ആലപ്പുഴയിൽ പറഞ്ഞു. 27/11/20 വെള്ളിയാഴ്ച സംസ്ഥാനത്തെ വിവിധ കെ.എസ്.എഫ്.ഇ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു.
ചിട്ടികളില്‍ ആളുകളുടെ എണ്ണം കൂട്ടിക്കണിച്ച് ചില മാനേജര്‍മാര്‍ ബിനാമി തട്ടിപ്പ് നടത്തിയതായും കള്ളപ്പണം വെളുപ്പിക്കുന്നതിനടക്കം കെ.എസ്.എഫ്.ഇയെ ഉപയോഗപ്പെടുത്തിയതായും വിജിലന്‍സ് കണ്ടെത്തിയിരുന്നു. എന്നാൽ വിജിലൻസിന്റെ കണ്ടെത്തലുകളെ ധനമന്ത്രി പൂർണമായും തളളിയിരുന്നു. വിജിലൻസ് നടപടിക്കെതിരെ സി പി എമ്മിൽ കടുത്ത അമർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ ധനമന്ത്രി നടപടി ആവശ്യപ്പെട്ടത്.

