ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിൽ വിടില്ലെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി, ആരോഗ്യ സ്ഥിതി ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ട്

മൂവാറ്റുപുഴ: പാലാരിവട്ടം പാലം അഴിമതി കേസിൽ ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിൽ വിടില്ലെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി. അർബുദബാധിതനായതിനാൽ കസ്റ്റഡിയിൽവിട്ടാൽ ഇബ്രാഹിംകുഞ്ഞിന് അണുബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് ചൊവ്വാഴ്ച (24/11/20) കോടതി ചൂണ്ടിക്കാട്ടി.

മെഡിക്കൽ റിപ്പോട്ടിൽ ഇബ്രാഹിം കുഞ്ഞിന് ഗുരുതര രോഗമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 33 തവണ ലേക്‌ഷോർ ആശുപത്രയിൽ ചികിത്സ തേടിയിട്ടുണ്ടെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. ഡിസംബർ മൂന്നിന് വീണ്ടും കീമോ തെറാപ്പി ചെയ്യേണ്ടതുണ്ട്.

കീമോ തെറാപ്പി ചെയ്തതുമൂലം ആരോഗ്യ സ്ഥിതിയിലും പ്രതിരോധ ശേഷിയിലും പ്രശ്നങ്ങളുണ്ട്. ചോദ്യം ചെയ്യാനൊ മറ്റോ മറ്റ് ആശുപത്രിയിലേക്ക് മാറ്റുമ്പോൾ അണുബാധയുണ്ടാകാനുള്ള സാഹചര്യം ഉണ്ട്.

ആശുപത്രി മാറ്റുന്ന കാര്യത്തിൽ മെഡിക്കൽ ബോർഡിന്റെ അഭിപ്രായം പരിഗണിച്ച ശേഷം തീരുമാനമെടുക്കുമെന്നും നിലവിലെ ചികിത്സ സർക്കാർ ആശുപത്രിയിൽ നൽകാൻ കഴിയുമോയെന്ന് ഡിഎംഒ അറിയിക്കണമെന്നും കോടതി പറഞ്ഞു.

എല്ലിനും മജ്ജയ്ക്കും ഉണ്ടാകുന്ന മൾട്ടിപ്പിൽ മൈലോമ എന്ന ഗുരുതര രോഗമാണ് ഇബ്രാഹിം കുഞ്ഞിന്. നിലവിൽ ഇബ്രാഹിം കുഞ്ഞിന്റെ നട്ടെല്ലിന് ക്ഷതമുണ്ടെന്നും മെഡിക്കൽ റിപ്പോർടിനെ അധികരിച്ച് കോടതി പറഞ്ഞു. ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച (25/11/20) പരിഗണിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →