കോഴിക്കോട്: ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ വീണ്ടും ചട്ടം ലംഘിച്ച് നിയമനങ്ങള്‍ നടക്കുന്നതായി ആക്ഷേപം. മതിയായ യോഗ്യതയില്ലാത്തവരെ ജനറല്‍ മാനേജര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, തസ്ഥികളില്‍ നിയമിച്ചതായാണ് പരാതി. മാസങ്ങള്‍ക്കമുമ്പ് ഉത്തരവ് പോലും ഇല്ലാതെ ജനറല്‍ മാനേജരുടെ കസേരയില്‍ വാഴിക്കുകയും വിവാദമായപ്പോള്‍ മാറ്റി നിര്‍ത്തുകയും ചെയ്ത എംകെ ഷംസുദ്ദീനാണ് പുതിയ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍. കോര്‍പ്പറേഷന്‍ ചെയര്‍മാന്റെ അടുപ്പക്കാരനായ ഇദ്ദേഹത്തിന് ആദ്യം ക്ലാര്‍ക്കായി നിയമനം നല്‍കിയിരുന്നു. നിയമനം നിയമ വിരുദ്ധമായതിനാല്‍ പുറത്താക്കണമെന്ന് അന്നത്തെ എംഡി ഉത്തരവിട്ടെങ്കിലും നടപ്പായില്ല. പിന്നീട് ഒരു ഉത്തരവുമില്ലാതെ ഷംസുദ്ദീന്‍ ജനറല്‍ മാനേജരുടെ മുറിയില്‍ ജോലി ചെയ്തുതുടങ്ങി.
കണക്കുകള്‍ കൃത്യമാക്കാന്‍ പരിചയ സമ്പന്നരുടെ സേവനം തേടിയതാണെന്നും ഇരിക്കാന്‍ കസേരയില്ലാത്തതുകൊണ്ട് ജനറല്‍ മാനേജരുടെ മുറിയില്‍ ഇരുത്തിയതാണെന്നുമായിരുന്നു കോര്‍പ്പറേഷന്‍റെ വിശദീകരണം. ഷംസുദ്ദീന്റെ സേവനം പെട്ടെന്നുതന്നെ അവസാനിപ്പിക്കുമെന്നും പറഞ്ഞിരുന്നു. ഇതിനിടെയാണ് ഡെപ്യൂട്ടി ജനറല്‍മാനേജരായി പുതിയ നിയമനം. വിഞ്ജാപനത്തില്‍ പറയുന്ന യോഗ്യതകളെല്ലാം അട്ടിമറിച്ചാണ് നിയമനമെന്ന് ആരോപണമുണ്ട്.
ധനകാര്യ സ്ഥാപനത്തിലെ മൂന്നുവര്‍ഷത്തെ പരിചയം വേണമെന്നാണ് വിഞ്ജാപനത്തില്‍ പറയുന്നത്. എന്നാല്‍ ഷംസുദ്ദീന് അത്രയും വര്‍ഷത്തെ പരിചയമില്ല. 15വര്‍ഷം ബാങ്കിംഗ് രംഗത്തെ പരിചയമുളള വ്യക്തിയെ അടക്കം മറികന്നാണ് നിയമനം. ജനറല്‍ മാനേജര്‍ തസ്ഥികയിലെ നിയമനം സംബന്ധിച്ചും ആക്ഷേപമുണ്ട്. 5 വര്‍ഷം ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത പരിചയം വേണമെന്ന് വിഞ്ജാപനത്തിലുണ്ടെങ്കിലും പഞ്ചായത്ത് സെക്രട്ടറിയായി ജോലി ചെയ്തിരുന്ന ആളെയാണ് നിയമിച്ചിരിക്കുന്നത്. മുമ്പ് മന്ത്രി കെടി ജലീലിന്റെ ബന്ധുനിയമത്തിലൂടെ വിവാദത്തിലായ സ്ഥാപനമാണ് ഇപ്പോള്‍ വീണ്ടും വിവാദത്തിലായിരിക്കുന്നത്.