ബിലീവേഴ്‌സ് ചര്‍ച്ചിലെ ആദായ നികുതി റെയ്ഡ്, ബിഷപ് കെ പി യോഹന്നാന്‍ ചോദ്യം ചെയ്യല്ലിന് ഇന്‍കം ടാക്‌സ് ഓഫീസില്‍ ഹാജരായില്ല, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നടപടി തുടങ്ങി

കൊച്ചി: ബിലീവേഴ്‌സ് ചര്‍ച്ചിലെ ആദായ നികുതി റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി ബിഷപ് കെ പി യോഹന്നാന്‍ ഇന്‍കം ടാക്‌സ് ഓഫീസില്‍ ഹാജരായില്ല. തിങ്കളാഴ്ച(23/11/20) രാവിലെ 11ന് കൊച്ചിയിലെ ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഓഫീസില്‍ എത്താനാണ് കെ പി യോഹന്നാനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വിദേശത്തായതിനാലാണ് എത്താതിരുന്നതെന്നാണ് വിവരം.

ഇതിനിടെ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ആദായനികുതി വകുപ്പ് നടപടി തുടങ്ങി. ഇതിനായി ബാങ്കുകള്‍ക്ക് കത്ത് നല്‍കും. ഇതേവരെ 18 കോടിരൂപയാണ് പണമായി മാത്രം ഇവരുടെ സ്ഥാപനങ്ങളില്‍ നിന്ന് കണ്ടെടുത്തത്.

കേരളത്തിലേക്ക് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പലപ്പോഴായി കൊണ്ടുവന്ന ആറായിരം കോടിയോളം രൂപ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലേക്കടക്കം വകമാറ്റിയെന്നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍.

കെ പി യോഹന്നാന്‍ ഹാജരാവാത്ത സാഹചര്യത്തില്‍ ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് നല്‍കും.

Share
അഭിപ്രായം എഴുതാം