തളിപ്പറമ്പ് നഗരസഭയിലെ നാല് വാർഡുകളിൽ കീഴാറ്റൂർ വയൽക്കിളികൾക്ക് ശക്തമായ സ്വാധീനം, സി പി എമ്മിന് തലവേദന

കണ്ണൂർ: വയൽ നികത്തി ദേശീയപാതാ ബൈപാസ് നിർമിക്കുന്നതിനെതിരെ പ്രദേശിക സി പി എം പ്രവർത്തകർ വയൽക്കിളികളെന്ന പേരിൽ പ്രക്ഷോഭം നടത്തി വന്ന തളിപ്പറമ്പ് നഗരസഭയിലെ കീഴാറ്റൂർ വാർഡിലും സമീപത്തെ മറ്റ് മൂന്ന് വാർഡുകളിലും സി പി എമ്മിന് ഇക്കുറി അഗ്നിപരീക്ഷയാണ്. ഈ നാല് വാർഡുകളിൽ വയൽക്കിളികൾക്ക് ശക്തമായ സ്വാധീനമാണ് ഉള്ളത്.

കീഴാറ്റൂർ വാർഡിൽ മാത്രമാണ് വയൽക്കിളികൾ സ്ഥാനാർത്ഥിയെ നിർത്തിയിട്ടുള്ളത്. വയൽക്കിളി സമര പ്രവർത്തകയും വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ ഭാര്യയുമായ ലത സുരേഷാണ് ഇവിടുത്തെ സ്ഥാനാർത്ഥി. കീഴാറ്റൂരിന്റെ സമീപ വാർഡുകളായ തുളളന്നൂർ, മാന്തംകുണ്ട്, പാലയാട് വാർഡുകളിലാണ് വയൽക്കിളികൾക്ക് സ്വാധീനമുള്ളത്. ഈ വാർഡുകളിൽ പാലയാടൊഴികെ മറ്റ് രണ്ടും സി പി എമ്മിൻ്റെ സിറ്റിംഗ് വാർഡുകളാണ്. പാലയാട് നേർത്ത ഭൂരിപക്ഷത്തിൽ കോൺഗ്രസ് ആണ് ജയിച്ചത്. ഈ മൂന്ന് വാർഡുകളിലും വയൽക്കിളികളുടെ സാന്നിധ്യം UDF സ്ഥാനാർത്ഥികൾക്ക് സഹായകമായേക്കുമെന്നാണ് സൂചന.

വയൽക്കരയിലുള്ള നാല് വാർഡുകളിൽ വയൽ നികത്താൻ കൂട്ടുനിന്നവർക്ക് തിരിച്ചടിയുണ്ടാകുമെന്ന് സമര നേതാവ് സുരേഷ് കീഴാറ്റൂർ പറയുന്നു.

“വയൽ എന്നത് ഏത് കീഴാറ്റൂരുകാരന്റെയും വികാരമാണ്. കുന്നിടിച്ച്, വയലിൽ മണ്ണിട്ട്, കിണറുകൾ വറ്റിച്ച്, കുഴലിൽ വെള്ളമെത്തിക്കുന്നതിനെ വികസനമെന്നു വിളിക്കാൻ കീഴാറ്റൂരിന് മനസ്സില്ല. അധികാരവും പണവും കയ്യൂക്കും എല്ലാമുള്ള ഒരു പ്രസ്ഥാനത്തിന്റെ ധാർഷ്ഠ്യത്തെ സാധാരണക്കാരായ ഗ്രാമീണർ ചെറുത്തത് വയലുമായുള്ള ഈ ജൈവ ബന്ധത്തിന്റെ പേരിലാണ്. രണ്ടു പ്രളയം കഴിഞ്ഞിട്ടും ഒന്നും പഠിക്കാതെ കിഫ്ബിയും മസാല ബോണ്ടുമെല്ലാം കൊണ്ടു വന്ന് കേരളത്തെ കോൺക്രീറ്റ് വനമാക്കാൻ പദ്ധതിയിടുന്ന ഭരണകൂടത്തെ നിലയ്ക്കു നിർത്താൻ ചെറുതും വലുതുമായ ജനകീയ പ്രതിരോധങ്ങൾ കൊണ്ട് കഴിയും എന്നു തന്നെ ഞങ്ങൾ വിശ്വസിക്കുന്നു.” സുരേഷ് കീഴാറ്റൂർ പറയുന്നു.

കോൺഗ്രസ്സും ബി ജെ പി യും കീഴാറ്റൂർ വാർഡിൽ വയൽക്കിളികൾക്ക് പിൻതുണ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ നിഷ്പ്രയാസം സി പി എം ജയിച്ച വാർഡാണ് കീഴാറ്റൂർ എങ്കിലും ഇക്കുറി അതത്ര എളുപ്പമല്ല.

പരമ്പരാഗത സി പി എം കേന്ദ്രമായ കീഴാറ്റൂരിൽ പോളിംഗ് സ്റ്റേഷനിലേക്കെത്താത്ത കോൺഗ്രസ് വോട്ടുകൾ നൂറിനടുത്തുണ്ടെന്ന് വയൽക്കിളികൾ പറയുന്നു. ഇത്തവണ ആ വോട്ടുകൾ പെട്ടിയിൽ വീണാൽ തങ്ങളുടെ സ്ഥാനാർത്ഥി ജയിക്കുമെന്നു തന്നെ വയൽക്കിളികൾ കണക്കു കൂട്ടുന്നു.

കീഴാറ്റൂരിലെ വിജയം സി പി എമ്മിനും അഭിമാന പ്രശ്നമാണ്. കീഴാറ്റൂരിൽ പാർടിയുടെ വോട്ട് കുറയുന്നതു പോലും സംസ്ഥാന തലത്തിൽ ചർച്ച ചെയ്യപ്പെടും എന്ന് സി പി എം വിലയിരുത്തുന്നുണ്ട്. ജനവികാരത്തെ മറികടന്ന് കീഴാറ്റൂർ മോഡലിൽ നടത്തുന്ന വികസന പ്രവർത്തനങ്ങളുടെ ശരികേട് ചർചയാകുന്നതിൽ സി പി എമ്മിന് കുറവല്ലാത്ത ആശങ്കയുമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →