വീട്ടിൽ അതിക്രമിച്ചു കടന്നയാൾ വനിതാ ഡോക്ടറെ കഴുത്തറുത്ത് കൊലപ്പെടുത്തി

ആഗ്ര: വീട്ടിൽ അതിക്രമിച്ചു കടന്നയാൾ വനിതാ ഡോക്ടറെ കഴുത്തറുത്ത് കൊലപ്പെടുത്തി. 38കാരിയായ ഡോ. നിഷ സിങ്കലാണ് കൊല്ലപ്പെട്ടത്. ഡിഷ് ടി.വി ഓപ്പറേറ്റർ എന്ന വ്യാജേന എത്തിയ ആളാണ് ഡോക്ടറെ കൊലപ്പെടുത്തിയത്.

ശുഭം പഥക്ക് എന്നയാളാണ് കൊലപാതകം ചെയ്തതെന്ന് സി.സി.ടിവി ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞ് പൊലിസ് അറസ്റ്റ് ചെയ്തു.

20-11-2020 വെള്ളിയാഴ്ച ഉച്ചയോടെ സെറ്റ് ടോപ്പ് ബോക്‌സ് റീചാര്‍ജ് ചെയ്യാനെന്നു നടിച്ചാണ് ഇയാൾ വീട്ടിലെത്തിയത്.

ഈ സമയത്ത് മറ്റൊരു മുറിയില്‍ നിഷയുടെ എട്ടും നാലും വയസുള്ള കുട്ടികളും ഉണ്ടായിരുന്നു. ഇയാൾ കുട്ടികളെയും ആക്രമിക്കാൻ ശ്രമിച്ചു. കൊലപാതകിയുടെ ആക്രമണത്തില്‍ കുട്ടികള്‍ക്കു പരുക്കേറ്റു. നിഷയുടെ ഭര്‍ത്താവ് ഡോ. അജയ് സംഭവം നടക്കുമ്പോള്‍ ആശുപത്രിയിലായിരുന്നു.

കവര്‍ച്ചാശ്രമത്തിനിടെയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. കൃത്യത്തിന് ശേഷം ഒരു മണിക്കൂറോളം പ്രതി വീട്ടില്‍ തങ്ങിയതായും പൊലിസ് പറഞ്ഞു.

ഈ സംഭവം ഞെട്ടിക്കുന്നതാണെന്നും സംസ്ഥാനത്ത് ക്രമസമാധാനം പാടെ തകര്‍ന്നെന്നും യു.പി മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →