കണ്ണൂർ: പാലത്തായി പീഡന കേസ് അന്വേഷണത്തിന് പുതിയ സംഘം.
ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘത്തെ മാറ്റി പുതിയ സംഘത്തെ നിയോഗിച്ചു. തളിപറമ്പ് ഡിവൈഎസ്‌പി രത്നകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. എ ഡി ജി പി ജയരാജ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല നിർവഹിക്കുമെന്നാണ് വിവരം. ഐ ജി ശ്രീജിത്തിന് എതിരെ ഇരയുടെ കുടുംബം പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.
കണ്ണൂര്‍ പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ ബി ജെ പി നേതാവായ അദ്ധ്യാപകന്‍ പീഡിപ്പിച്ചെന്നാണ് കേസ്. കേസില്‍ പ്രതി പദ്മരാജന്‍ ജാമ്യത്തിലാണ്. ഈ കേസിന്റെ മേല്‍നോട്ട ചുമതല വഹിച്ചിരുന്ന ഐ ജി എസ്. ശ്രീജിത്ത് പീഡന കേസിലെ പ്രതിയായ പദ്‌മരാജന് അനുകൂലമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത് വന്നത് വിവാദമായിരുന്നു. പദ്മരാജന് ഹൈക്കോടതി ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു ഐ ജിയുടെ പേരില്‍ സംഭാഷണം പ്രചരിച്ചത്.
പാലത്തായി കേസില്‍ പോക്സോ വകുപ്പ് ഒഴിവാക്കിയതിനെ ശരിവെച്ചു കൊണ്ടായിരുന്നു സംഭാഷണം. ഈ ഓഡിയോ സന്ദേശം സഹിതമാണ് പെണ്‍കുട്ടിയുടെ അമ്മ ഹൈക്കോടതിയിൽ പരാതി നൽകിയത്. ഐ ജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നു പെണ്‍കുട്ടിയുടെ അമ്മ വ്യക്തമാക്കിയിരുന്നു. കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുകകയാണെന്നും ചൂണ്ടികാട്ടി.
ഇതോടെയാണ് പുതിയ സ്ഥലത്തെ നിയോഗിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. പഴയ അന്വേഷണ സംഘത്തിലെ ആരെയും പുതുതായി രൂപീകരിക്കുന്ന സംഘത്തില്‍ ഉള്‍പ്പെടുത്തരുതെന്നും ഹൈക്കോടതി പറഞ്ഞു.