തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടെുപ്പില്‍ ചിലയിടങ്ങളില്‍ സിപിഎമ്മുമായി നിലനില്‍ക്കുന്ന തര്‍ക്കം പരസ്പരം മത്സരിക്കുന്ന നിലയിലേക്ക് പോകരുതെന്ന് സിപിഐ സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ നിര്‍ദ്ദേശം. പ്രാദേശികമായ തര്‍ക്കങ്ങളില്‍ സിപിഎമ്മിനെതിരെ മത്സരിക്കണമെന്ന തീവ്ര നിലപാട് ഉയരുകയാണെങ്കില്‍ സംസ്ഥാന സെന്റററുമായി ചര്‍ച്ച ചെയ്യണം. തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമടക്കം കാര്യമായ അസ്വാരസ്യങ്ങളില്ലാതെ പൂര്‍ത്തിയാക്കാനായെന്ന് യോഗം വിലയിരുത്തി.
യോഗത്തിനിടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രണ്ടുദിവസമായി ജലദോഷസംബന്ധമായ പ്രശ്നങ്ങള്‍ അലട്ടിയിരുന്നു. ഇന്നലെ ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാര്‍ട്ടി കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രനും സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ.പ്രകാശ്ബാബു,സത്യന്‍ മൊകേരി എന്നിവര്‍ കാനത്തിനൊപ്പമുണ്ട്.
ഐസിയുവില്‍ പ്രവേശിപ്പിച്ച കാനത്തിന് അസ്വസ്ഥതകള്‍ മാറിയതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. കോവിഡ് പരിശോധനാഫലം നെഗറ്റീവാണ് . ഇന്നോ നാളെയോ ആശുപത്രി വിട്ടേക്കും. പാര്‍ട്ടി കേന്ദ്ര സെക്രട്ടറിയേറ്റംഗം ബിനോയി വിശ്വം,എംപി, കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം കെഇ ഇസിമായേല്‍, എന്നിവര്‍ വേറെ കേന്ദങ്ങളിലിരുന്ന് ഓണ്‍ലൈന്‍ യോഗത്തില്‍ സംബന്ധിച്ചു.

