തിരുനെല്‍വേലി: തമിഴ്‌നാട് മുന്‍ മന്ത്രിയും ഡിഎംകെ എംഎല്‍എയുമായ പൂങ്കോതൈ അലാദി അരുണയെ ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുനെല്‍വേലിയിലെ ഷിഫാ ആശുപത്രിയിലാണ് എംഎല്‍ എ യെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഗുളിക കഴിച്ചതിനെ തുടര്‍ന്ന് അബോധാവസ്ഥയിലാണ് എംഎല്‍എ യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുളളറ്റിനില്‍ വ്യക്തമാക്കി.
കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ആത്മഹത്യാ ശ്രമമെന്ന് ഡിഎംകെ വൃത്തങ്ങള്‍ അറിയിച്ചു. ഡിഎംകെ നേതാവുകൂടിയായ ഒരുസഹോദരനുമായി ഇവര്‍ ദീര്‍ഘനാളായി ഭിന്നതയിലാണ്. കഴിഞ്ഞ ബുധനാഴ്‌ച(18.11.2020) നടന്ന പാര്‍ട്ടി പരിപാടിയില്‍ സഹോദരനെ വേദിയിലേക്ക് ക്ഷണിച്ചതില്‍ ഇവര്‍ അസ്വസ്ഥയായിരുന്നു.ഇതിന് പിന്നാലെയാണ് ആത്മഹത്യാശ്രമം. ഇപ്പോള്‍ എംഎല്‍എ ബോധം വീണ്ടെടുത്തിട്ടുണ്ട്. ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും തീവ്രപരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് എംഎല്‍എ ഉളളതെന്നും ആശുപത്രി അദികൃതര്‍ അറിയിച്ചു.
ഡിഎംകെ മുന്‍ മന്ത്രി അലാദി അരുണയുടെ മകളായ പൂങ്കോയി അലാദി അരുണ മുന്‍ സാമൂഹ്യേ ക്ഷേമ വകുപ്പ് മന്ത്രിയാണ്. മന്ത്രിയായിരിക്കെ തന്റെ ബന്ധുക്കള്‍ക്കെതിരെയുളള വിജിലന്‍സ് അന്വേഷണത്തില്‍ അനുകൂല നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ വിജിലന്‍സ് ഡയറക്ടറെ വിളിച്ചതിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നത് വന്‍ വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് 2008 ല്‍ രാജിവെച്ച പൂങ്കോതൈ 2009 ല്‍ ഐടി മന്ത്രിയായി സംസ്ഥാന മന്ത്രി സഭയില്‍ തിരിച്ചെത്തി. നിലവില്‍ അളങ്കുളം എംഎല്‍എ ആണ്.