ഭുവനേശ്വര്‍: കട്ടക്കിലെ ബാങ്കില്‍ നിന്ന് 10 മിനിറ്റിനുള്ളില്‍ 12 കോടി രൂപയുടെ പണവും ആഭരണങ്ങളും കൊള്ളയടിച്ചു. ആയുധധാരികളായ നാല് പേരാണ് മുഖംമൂടിയും ഹെല്‍മെറ്റും ധരിച്ച് വ്യാഴാഴ്ച(19/11/2020) രാവിലെ ഐഐഎഫ്എല്‍ ഫിനാന്‍സ് ശാഖയില്‍ നിന്ന് കൊള്ള നടത്തിയത്.തോക്കുമായി നാല് അക്രമികള്‍ നയാസരക് ബ്രാഞ്ചിലെത്തുകയും സുരക്ഷാ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി പിടിച്ച് നിര്‍ത്തുകയുമായിരുന്നു. തുടര്‍ന്ന് ടോയ്ലറ്റില്‍ സ്റ്റാഫിനെ പൂട്ടിയിട്ട് ലോക്കറിന്റെ താക്കോല്‍ തട്ടിയെടുക്കുകയായിരുന്നു.
” ഹിന്ദിയും ഒഡിയയും സംസാരിച്ച അക്രമികളാണ് സംഘത്തിലുണ്ടായിരുന്നത്. 2-3 പാക്കറ്റ് സ്വര്‍ണം ഒഴികെ, കൊള്ളക്കാര്‍ ഏകദേശം 12 കോടി രൂപയുടെ സ്വര്‍ണവും തട്ടിയെടുത്തു. വെറും 10 മിനിറ്റിനുള്ളിലാണ് സംഭവം, ”ബ്രാഞ്ച് മാനേജര്‍ സത്യ പ്രധാന്‍ പറഞ്ഞു. കവര്‍ച്ച നടന്നപ്പോള്‍ ബ്രാഞ്ചിന്റെ സിസിടിവി ക്യാമറ പ്രവര്‍ത്തനക്ഷമമായിരുന്നില്ലെന്ന് പ്രധാന്‍ പറഞ്ഞു. ഐഐഎഫ്എല്‍ ഫിനാന്‍സ് ലിമിറ്റഡ് ഒരു പ്രധാന ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയാണ്.
അതേസമയം, കവര്‍ച്ചക്കാരെ പിടികൂടാന്‍ പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് കട്ടക്ക് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പ്രതീക് സിംഗ് പറഞ്ഞു. നഗരത്തിന്റെ അതിര്‍ത്തികള്‍ അടച്ചിട്ടുണ്ട്. ജഗത്സിംഗ്പൂര്‍, ജജ്പൂര്‍, ധെങ്കനാല്‍, കേന്ദ്രപാറ എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.