ന്യൂഡല്‍ഹി: ത്രികോണപ്രണയത്തെ തുടര്‍ന്ന് വ്യാപാരിയെ കൊലപ്പെടുത്തി.അഞ്ചുദിവസം മുമ്പ് ഡല്‍ഹിയില്‍നിന്നു കാണാതായ വ്യാപാരി നീരജ് ഗുപ്ത(46)യെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇയാളെ കൊന്നത് കാമുകി ഫൈസല്‍(29), മാതാവ് ഷഹീന്‍നാസ്(49), ഫൈസലിന്റെ പ്രതിശ്രുത വരന്‍ ജുബെര്‍(28) എന്നിവരാണെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി.
ഈ മാസം 13നാണു നീരജിനെ കാണാതായത്. തിരോധാനത്തിനു പിന്നില്‍ ഫൈസലിനു പങ്കുണ്ടാകാമെന്ന നീരജിന്റെ ഭാര്യ മൊഴി നല്‍കിയിരുന്നു. കരോള്‍ ബാഗില്‍ നീരജ് നടത്തുന്ന ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു ഫൈസല്‍. ഫൈസലുമായി പത്ത് വര്‍ഷത്തോളമായി നീരജിന് രഹസ്യബന്ധം ഉണ്ടായിരുന്നു. ഇതിനിടെയാണ് അവര്‍ ജുബെറിനെ പരിചയപ്പെട്ടത്. ഇതോടെ ജുബെറിനെ വിവാഹം ചെയ്യാന്‍ ഫൈസല്‍ തീരുമാനിച്ചു. ഇതിനെ എതിര്‍ത്ത് നീരജ് രംഗത്തെത്തി. ഇതോടെ നീരജിനെതിരേ സംഘം തിരിഞ്ഞു. ഫൈസലിന്റെ ആദര്‍ശ് നഗറിലുള്ള വാടകവീട്ടില്‍ വച്ചു 13 നായിരുന്നു കൊലപാതകം. വിവാഹത്തില്‍നിന്നു പിന്മാറണമെന്ന് ആവശ്യപ്പെടാനാണു നീരജ് അവിടെയെത്തിയത്. ഇടയ്ക്ക് വാക്കുതര്‍ക്കമായി. ഇതിനിടെ ജുബെര്‍ ഇഷ്ടിക ഉപയോഗിച്ച് നീരജിന്റെ തലയില്‍ ശക്തിയായി ഇടിച്ചു. പിന്നാലെ കഴുത്തറുത്ത് മരണം ഉറപ്പാക്കുകയായിരുന്നു.
തുടര്‍ന്നു ജുബെറും ഫൈസലും ഷഹീന്‍നാസും ചേര്‍ന്നു മൃതദേഹം വെട്ടിനുറുക്കി സ്യൂട്ട്കേസിലാക്കി. റെയില്‍വേ പാന്‍ട്രി ജീവനക്കാരനായ ജുബെര്‍ ടാക്സി കാറില്‍ മൃതദേഹം അടങ്ങിയ സ്യൂട്ട്കേസുമായി നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനിലെത്തി. രാജധാനി എക്സ്പ്രസില്‍ കയറി ഗുജറാത്തിലെ ബറുച്ചില്‍ എത്തി. മൃതദേഹം അവിടെ ഉപേക്ഷിക്കുകയായിരുന്നു.