കൊച്ചി: സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട് എം ശിവശങ്കര്‍ കസ്റ്റംസ് ഓഫീസറെ വിളിച്ചതായി സമ്മതിച്ചെന്ന മൊഴി കേസ് രേഖകളിലില്ലെന്ന് കോടതി. ശിവശങ്കറിന്റെ ജാമ്യാപേക്ഷ തളളിയ 53 പേജുളള വിധിന്യായത്തിലാണ് കോടതിയുടെ പരാമര്‍ശം. ജാമ്യാപേക്ഷയെ എതിര്‍ത്ത് ഇഡി നല്‍കിയ പ്രധാന വാദം ശിവശങ്കര്‍ ഇത്തരത്തില്‍ മൊഴിനല്‍കിയെന്നായിരുന്നു.
സ്വര്‍ണ്ണകടത്തിനെ കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നുവെന്നും ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചിരുന്നുവെന്നും സ്വപ്‌ന സുരേഷ് ഇഡിക്ക് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. ഇത് സത്യമാണെങ്കില്‍ സ്വര്‍ണ്ണം അടങ്ങിയ ബാഗുകള്‍ വിട്ടുകിട്ടാന്‍ ആണോ ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതെന്ന് കണ്ടെത്താന്‍ തുടരന്വേഷണം വേണമെന്ന് കോടതി പറഞ്ഞു. ഇതുവരെ ശിവശങ്കറിന്റെ പങ്ക് വെളിപ്പെടുത്താതിരുന്ന സ്വപ്‌ന ഇപ്പോള്‍ അക്കാര്യം വെളിപ്പെടുത്തുന്നതിനെ കുറിച്ച് പരിശോധിക്കണമെന്നും കോടതി വിധിന്യായത്തില്‍ പറഞ്ഞിട്ടുണ്ട്.