വാഷിങ്ടന്‍: ഇറാന്റെ ആണവകേന്ദ്രം ആക്രമിക്കാനായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞയാഴ്ച പദ്ധതിയിട്ടെന്നു മാധ്യമ റിപ്പോര്‍ട്ട്. ഇത് രണ്ടാമത്തെ തവണയാണ് ട്രംപ് ഇത്തരത്തിലൊരു നീക്കത്തിലേക്ക് കടക്കുന്നത്. 2019 ജനുവരിയിലും സമാനമായ നീക്കം നടത്തിയിരുന്നു. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ, ആക്ടിങ് പ്രതിരോധ സെക്രട്ടറി ക്രിസ്റ്റഫര്‍ മിലര്‍, സംയുക്ത സേനാമേധാവി അധ്യക്ഷന്‍ ജനറല്‍ മാര്‍ക്ക് മിലി തുടങ്ങിയവരാണു ചര്‍ച്ചയില്‍ പങ്കെടുത്തത്.
ഇറാനെതിരായ സൈനികനടപടിയുടെ പ്രത്യാഘാതം വിപുലമായിരിക്കുമെന്നും ഒഴിവാക്കുന്നതാണു നല്ലതെന്നും അവര്‍ ഉപദേശിച്ചതോടെ ട്രംപ് പിന്മാറി. 2019ലും ഇറാന്റെ ആണവായുധ നിര്‍മ്മാണമാണ് ഏറ്റവും പ്രാഥമികമായ പ്രശനമെന്ന് വൈറ്റ് ഹൌസില്‍ നടന്ന യോഗങ്ങളില്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അടക്കം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അത് 2015-ലെ അന്താരാഷ്ട്ര കരാറില്‍ നിന്ന് പിന്മാറാനുള്ള ട്രംപിന്റെ തീരുമാനത്തെ തുടര്‍ന്ന് സംഭവിച്ചതാണെന്ന് സമ്മതിക്കുന്നുമില്ല. കരാറിലെ കര്‍ശനമായ ഉപാധികള്‍ ടെഹ്റാന്‍ പാലിക്കണമെന്ന നിര്‍ബന്ധമാണ് അമേരിക്കക്കുള്ളത്.ഇറാന്‍ തങ്ങളുടെ ആണവ ഇന്ധനത്തിന്റെ ശേഖരം കെട്ടിപ്പടുക്കുകയും കൂടുതല്‍ സമ്പുഷ്ടമാക്കുകയും ചെയ്യുകയാണെന്നതാണ് അമേരിക്കയെ ഏറ്റവുംകൂടുതല്‍ പ്രകോപിപ്പിക്കുന്നത്.
ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് 2018ല്‍ പിന്മാറിയ ട്രംപ് ഭരണകൂടം കനത്ത സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ഇറാഖില്‍ ഡ്രോണ്‍ ആക്രമണം നടത്തി ഇറാന്‍ ജനറല്‍ ഖാസിം സുലൈമാനിയെ യുഎസ് വധിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കി.ഇറാന്റെ കയ്യിലുള്ള മിത സമ്പുഷ്ട യുറേനിയം ശേഖരത്തിന്റെ അനുവദനീയമായ പരിധി ലംഘിച്ചതായി രാജ്യാന്തര ആണവ ഏജന്‍സി റിപ്പോര്‍ട്ട് പുറത്തുവിട്ടതിനു തൊട്ടുപിന്നാലെയാണ് ട്രംപ് ആക്രമണത്തെക്കുറിച്ചു ചിന്തിച്ചതെന്നു ന്യൂയോര്‍ക്ക് ടൈംസാണു റിപ്പോര്‍ട്ട് ചെയ്തത്.