കിഫ്ബി മസാല ബോണ്ടിനെ അന്നത്തെ ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും എതിർത്തിരുന്നതായി റിപ്പോർട് . ധനമന്ത്രി മസാല ബോണ്ടിനെ ന്യായീകരിച്ചെന്നും മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്നും മിനുട്സ് രേഖകൾ

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ടിനെ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസും ധനസെക്രട്ടറി മനോജ് ജോഷിയും എതിര്‍ത്തിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവന്നു. 2018 ഒക്ടോബര്‍ 2ന് ചേര്‍ന്ന കിഫ്ബി ജനറല്‍ ബോഡി യോഗത്തിലാണ് ഇരുവരും തങ്ങളുടെ വിയോജിപ്പ് അറിയിച്ചത്.

2018 ഒക്ടോബര്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കിഫ്ബി ജനറല്‍ ബോഡി യോഗത്തിന്റെ മിനുറ്റ്‌സ് വിവരങ്ങളാണ് പുറത്തായത്. അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസും ധനസെക്രട്ടറി മനോജ് ജോഷിയും കിഫ്ബി മാസാല ബോണ്ടിനെതിരെ യോഗത്തിൽ എതിര്‍പ്പ് പ്രകടിപ്പിച്ചു. കൂടിയ പലിശയുടെ പേരിലായിരുന്നു രണ്ടു പേരുടെയും എതിർപ്പ്. രാജ്യത്തിനകത്ത് കുറഞ്ഞ പലിശക്ക് ബോണ്ടിറക്കാമെന്നിരിക്കെ എന്തിനാണ് പുറത്ത് കൂടുതല്‍ പലിശ നിരക്കില്‍ ബോണ്ടിറക്കുന്നതെന്ന് ധനവകുപ്പ് സെക്രട്ടറി ചോദിച്ചിരുന്നു. വിദേശ വിപണിയില്‍ പലിശ നിരക്ക് കുറഞ്ഞിരിക്കുമ്പോള്‍ എന്തുകൊണ്ട് പലിശ കൂടിയെന്ന് ചീഫ് സെക്രട്ടറിയും സംശയം പ്രകടിപ്പിച്ചു.

രാജ്യാന്തര വിപണിയില്‍ ഇടപെടാനുള്ള അവസരം ഉപയോഗിക്കണമെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രയോജനപ്പെടുമെന്നുമായിരുന്നു യോഗത്തിൽ ധനമന്ത്രി നല്‍കിയ മറുപടി. മുഖ്യമന്ത്രി ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞിരുന്നില്ലെന്നും മിനുട്സ് വ്യക്തമാക്കുന്നു. മസാല ബോണ്ട് വിവാദത്തിൽ ധനകാര്യ മന്ത്രിയെയും സർക്കാരിനെയും കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന രേഖകൾ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →