തിരുവനന്തപുരം: കുറ്റിച്ചൽ പഞ്ചായത്തിൽ ദമ്പതികൾ അങ്കത്തിനിറങ്ങുന്നത് ഒരേ ഗോദയിലൂടെ രണ്ട് അങ്കത്തട്ടുകളിലേക്ക്. രമേശും ഭാര്യ ദീപികയുമാണ് ഒരേ പാർട്ടിയിൽ നിന്ന് കൊണ്ട് പഞ്ചായത്തിലേക്കും ബ്ലോക്കിലേക്കും മത്സരിക്കുന്നത്.
കുറ്റിച്ചൽ പഞ്ചായത്തിലാണ് ഭർത്താവും ഭാര്യയും തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്നത്. സിപിഎം സ്ഥാനാർഥികളാണ് ഇരുവരും. കുറ്റിച്ചൽ പഞ്ചായത്തിലെ പേഴുംമൂട് ഡിവിഷനിൽ നിന്നും വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് സിപിഎം സ്ഥാനാർഥി വി.രമേശും, കുറ്റിച്ചൽ പഞ്ചായത്തിലെ വാർഡിൽ സിപിഎം സ്ഥാനാർഥിയായി ഭാര്യ എം ആർ ദീപികയുമാണ് മത്സരിക്കുന്നത്.
കാലാവധി കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയിൽ ചോനംപാറ വാർഡ് പ്രതിനിധിയായിരുന്നു രമേശ്. ഭർത്താവിന്റെ തട്ടകത്തിലാണ് ഭാര്യ ജനഹിതമറിയാനെത്തുന്നതെന്നത് മറ്റൊരു പ്രത്യേകത. ഇക്കുറി ചോനംപാറ വനിത സംവരണ സീറ്റായപ്പോൾ മറ്റൊരു പേരിലുമെത്താതെ എസ്.ടി. പ്രമോട്ടർ കൂടിയായ ദീപികയെ കളത്തിലിറക്കുകയാണ് സിപിഎം. കുറ്റിച്ചൽ പഞ്ചായത്തിലെ ഏഴു വാർഡുകൾ ഉൾപ്പെടുന്ന ബ്ലോക്ക് ഡിവിഷനിലാണ് വി.രമേശ് മത്സരിക്കുന്നത്. ഇരുവരുടെയും സ്ഥാനാർഥിത്വം ഇന്നലെ ഇടത് മുന്നണി പ്രഖ്യാപിച്ചു. ജില്ലയിൽ ദമ്പതികൾ മത്സര രംഗത്തുള്ളത് ഇവിടെയാണ്.

