ശ്രീനഗര്‍: ജമ്മു കശ്മീരിലെ ജില്ലാ വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കി ബിജെപി. മുന്‍ എംഎല്‍എമാരായ ശക്തി രാജ് പരിഹാര്‍, ഭാരത് ഭൂഷണ്‍ എന്നിവരടക്കമുള്ളവരാണ് പുതിയ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. കൂറുമാറ്റ ആരോപണം നേരിട്ടിരുന്ന നേതാവാണ് ഭൂഷണ്‍. പട്ടികയില്‍ പതിനാല് സ്ത്രീകളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ശക്തി രാജ് പരിഹാര്‍ ദോഡ ജില്ലയിലെ ഗുണ്ടാന പ്രദേശത്ത് നിന്ന് മത്സരിക്കുമ്പോള്‍ ജമ്മു ജില്ലയിലെ ഭല്‍വാള്‍ നിയോജകമണ്ഡലത്തില്‍ നിന്ന് ഭാരത് ഭൂഷനെ രംഗത്തിറക്കുമെന്ന് ജമ്മു കശ്മീര്‍ ബിജെപി ജനറല്‍ സെക്രട്ടറി പറഞ്ഞു. ജമ്മു മേഖലയിലെ പത്ത് ജില്ലകളും ഉള്‍ക്കൊള്ളുന്ന പട്ടികയാണിത്.2011ലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ എന്‍സി, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന ഏഴ് ബിജെപി എംഎല്‍എമാരില്‍ ഒരാളാണ് ഭൂഷണ്‍. പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒരാളെ ഏഴ് വര്‍ഷത്തേക്ക് പാര്‍ട്ടി ഹൈക്കമാന്‍ഡ് പുറത്താക്കുകയും ഭൂഷണ്‍ ഉള്‍പ്പെടെ ആറ് പേരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.