പട്ന: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ നവംബർ 16 തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും . മുതിര്‍ന്ന ബിജെപി നേതാവ് രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച (15/11/2020) പട്നയില്‍ ചേര്‍ന്ന എന്‍ഡിഎ യോഗത്തില്‍ നിതീഷ് കുമാറിനെ എന്‍ഡിഎ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തതോടെയാണ് നാലാം തവണയും ബിഹാറിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിതീഷ് കുമാര്‍ എത്തുന്നത്. തിങ്കളാഴ്ച 4.30ന് ഉച്ചയ്ക്ക് നിതീഷ് കുമാര്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതല്‍ തന്നെ എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി നിതീഷ് കുമാറിന്റെ പേരാണ് മുന്നോട്ടുവെച്ചത്. എന്നാല്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവിന് തെരഞ്ഞെടുപ്പില്‍ 43 സീറ്റുകള്‍ മാത്രം നേടാനായുള്ളൂ. ബിജെപി 74 സീറ്റും നേടി.
അതേ സമയം, ഇത്തവണ ബീഹാറിൽ രണ്ട് ഉപമുഖ്യമന്ത്രിമാർ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും രണ്ട് മുതിർന്ന ബിജെപി നിയമസഭാംഗങ്ങളായ തർകേശ്വർ പ്രസാദ് (കതിഹാറിൽ നിന്ന്), രേണു ദേവി (ബെട്ടയ്യയിൽ നിന്ന്) എന്നിവരാണ് പുതിയ ഉപ മുഖ്യമന്ത്രിമാരെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു. .
ഇരുവരും പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരും നാല് തവണ എംഎൽഎമാരായവരും ആണ്.
ശനിയാഴ്ച (14/11/2020) നടന്ന എൻഡിഎ യോഗത്തിൽ തർകേശ്വറിനെ ബിജെപി നിയമസഭാ കക്ഷി നേതാവായും രേണുദേവിയെ ഉപനേതാവായും തിരഞ്ഞെടുത്തിരുന്നു.

