തിരുവനന്തപുരം: തന്റെ പരാതി കിഫ്ബിക്കെതിരെയല്ലെന്നും മസാല ബോണ്ടിന്റെ ഭരണഘടനാപരമായ സാധുതയെ കുറിച്ചാണെന്നും ഹൈക്കോടതിയിൽ ഹര്‍ജി നൽകിയ ചാർട്ടേഡ് അക്കൗണ്ടൻറ് രഞ്ജിത്ത് കാർത്തികേയന്റെ പ്രതികരണം. കേസിനു പിന്നിൽ യാതൊരു വിധ രാഷ്ട്രീയ ഗൂഢാലോചനയുമില്ല. അഭിഭാഷകനായി കെ പി സി സി സെക്രട്ടറി മാത്യു കുഴൽ നാടൻ വന്നത് തീർത്തും പ്രൊഫഷണൽ ബന്ധത്തിൽ മാത്രമാണെന്നും രഞ്ജിത്ത് കാർത്തികേയൻ പറയുന്നു. കിഫ്ബിയ്ക്കെതിരായ സി എ ജി റിപ്പോർട്ടിനു പിന്നിൽ കോൺഗ്രസ് ബി ജെ പി രാഷ്ട്രീയ ഗൂഢാലോചനയുണ്ട് എന്ന ധനമന്ത്രി തോമസ് ഐസക്കിൻ്റെ ആരോപണത്തിനു തൊട്ടു പിന്നാലെയാണ് ഇതു സംബന്ധിച്ച് നേരത്തേ തന്നെ ഹൈക്കോടതിയിൽ ഹർജി നൽകിയ രഞ്ജിത്ത് കാർത്തികേയൻ മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്.
സംഘ പരിവാർ പ്രവർത്തകനായ രഞ്ജിത്ത് കാർത്തികേയനും കോൺഗ്രസ്സ് നേതാവ് മാത്യു കുഴൽ നാടനും തൃശൂർ രാമനിലയത്തിൽ വച്ച് ഗൂഢാലോചന നടത്തി എന്നതടക്കമുള്ള ആരോപണങ്ങൾ ധനമന്ത്രി ഉന്നയിച്ചിരുന്നു.
” പ്രശസ്തമായ നിയമസ്ഥാപനത്തെയാണ് ഞാന്‍ കിഫ്ബിയിലെ പ്രശ്നവുമായി ബന്ധപ്പെട്ട് സമീപിച്ചത്. ഈ സ്ഥാപനത്തിന്റെ ഭാഗമാണ് മാത്യു കുഴൽ നാടൻ. രാഷ്ട്രീയം നോക്കിയല്ല കേസ് മാത്യു കുഴല്‍നാടനെ ഏല്‍പ്പിച്ചത്. ഞാൻ രാമനിലയത്തിൽ ഇന്നേ വരെ പോയിട്ടില്ല , മാത്യു കുഴൽ നാടനെ നേരിട്ട് കണ്ടിട്ടു പോലുമില്ല. ഞാൻ ഒരു സംഘപരിവാർ അനുഭാവിയാണ് എന്ന് ധനമന്ത്രി പറഞ്ഞത് ശരിയാണ്. സംഘ പരിവാറിൻ്റെ ഭാഗമായ സ്വദേശി ജാഗരൺ മഞ്ജിൻ്റെ സംസ്ഥാന നേതാവാണ്. പക്ഷേ ഈ ഹർജിയിൽ രാഷ്ട്രീയമില്ല, ഇത് തീർത്തും അക്കാദമികമാണ്. “
രഞ്ജിത്ത് കാർത്തികേയൻ പറഞ്ഞു.
കിഫ്ബിയുടെ പിന്നിൽ അഴിമതിയുണ്ട് എന്ന കെ പി സി സി പ്രസിഡൻ്റ് രമേശ് ചെന്നിത്തലയുടെയും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെയും അഭിപ്രായം തനിക്കില്ലെന്നും മസാല ബോണ്ടിൻ്റെ ഭരണഘടനാപരമായ ‘ സാധുത മാത്രമാണ് താൻ ചോദ്യം ചെയ്തതെന്നും രഞ്ജിത്ത് കാർത്തികേയൻ പറഞ്ഞു.
” മസാല ബോണ്ട് വഴി വിദേശത്തു നിന്നും പണം സമാഹരിക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കില്ല. അത് കേന്ദ്ര സർക്കാരിനും കോർപ്പറേറ്റ് പദവിയുള്ള സ്ഥാപനങ്ങൾക്കും മാത്രമേ സാധിക്കുകയുള്ളൂ. കിഫ്ബി അങ്ങനെയൊന്നല്ല , കിഫ്ബി സംസ്ഥാന സർക്കാരിന്റെതാണ്. ആര്‍ട്ടിക്കിള്‍ 293(1) അനുസരിച്ച് ഒരു സംസ്ഥാനത്തിന് പുറത്ത് നിന്ന് കടമെടുക്കുന്നതിനുള്ള അധികാരമില്ല. അതു കൊണ്ടു തന്നെ മസാല ബോണ്ട് വഴിയുള്ള ധനസമാഹരണം നിയമവിരുദ്ധവുമാണ്. റിസർവ് ബാങ്ക് അനുമതിയുണ്ട് എന്നാണു പറയുന്നത്. റിസർവ് ബാങ്കിന് ഭരണഘടനയെ മറികടക്കാനാകുമോ. സി എ ജി യും താനും തമ്മിൽ യാതൊരു ബന്ധവുമില്ല ” രഞ്ജിത്ത് കാർത്തികേയൻ പറഞ്ഞു.
നിയമസഭയുടെ മേശപ്പുറത്തു വയ്ക്കാതെ തന്നെ സി എ ജി റിപ്പോർടിലെ വിവരങ്ങൾ ധനമന്ത്രി പുറത്തു വിട്ടതും വിവാദമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ കിഫ്ബിയും മസാല ബോണ്ടുകളും വീണ്ടും ചർചയാവുകയാണ്.
എന്താണ് മസാല ബോണ്ട്:
രാജ്യാന്തര വിപണിയിൽ ഇന്ത്യൻ രൂപയിൽ തന്നെ ബോണ്ടുകള്‍ ഇറക്കി പണം സമാഹരിക്കുന്നതാണ് മസാല ബോണ്ടുകള്‍. ഇന്ത്യൻ രൂപയിൽ തന്നെ വിഭവസമാഹരണം നടത്തുന്നതിനാൽ വിദേശ വിനിമയ നിരക്കുകള്‍ ഫണ്ടിനെ ബാധിക്കില്ല. രൂപയുടെ മൂല്യമിടിഞ്ഞാലുള്ള നഷ്ടവും കിഫ്ബി മസാല ബോണ്ടിനെ ബാധിക്കില്ല. പഷേ ഇതിൽ നിക്ഷേപകര്‍ക്ക് നഷ്ടം സംഭവിക്കാനുള്ള സാധ്യതയുണ്ട്. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിക്ഷേപം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ മസാല ബോണ്ടുകള്‍ വഴി കടമെടുക്കുന്നത്. എന്നാൽ മികച്ച റേറ്റിങുള്ള ഏജൻസികളാണ് ബോണ്ട് പുറത്തിറക്കുന്നതെങ്കിൽ ലാഭസാധ്യത മുന്നിൽക്കണ്ട് കമ്പനികള്‍ ഇവയിൽ നിക്ഷേപം നടത്താറുണ്ട്.
കേരളത്തിന്‍റെ കിഫ്ബി മസാല ബോണ്ടുകള്‍ ലണ്ടൻ, സിംഗപ്പൂര്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. സിംഗപ്പൂര്‍ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പുറത്തിറക്കിയ മസാല ബോണ്ടുകള്‍ വഴി സംസ്ഥാനം 2150 കോടി രൂപ സമാഹരിച്ചിരുന്നു.
എന്താണ് കിഫ്ബി:
കേരളത്തിലെ അടിസ്ഥാന സൗകര്യവികസനത്തിനായി ധനസമാഹരണം നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ രൂപം കൊടുത്ത ധനകാര്യസ്ഥാപനമാണ് കിഫ്ബി. സംസ്ഥാന റവന്യൂ ബജറ്റിന് പുറത്തുനിന്ന് ധനസമാഹരണം നടത്തുകയാണ് കിഫ്ബിയുടെ ലക്ഷ്യം. കേരള ഇൻഫ്രാസ്ട്രക്ചര്‍ ഇൻവെസ്റ്റ്മെന്‍റ് ഫണ്ട് ആക്റ്റ് പ്രകാരമാണ് കിഫ്ബിയ്ക്ക് രൂപം നൽകിയിരിക്കുന്നത്.
കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് കിഫ്ബിയുടെ നിലവിലെ ചെയർമാൻ. ധനമന്ത്രി തോമസ് ഐസക്കാണ് വൈസ് ചെയർമാൻ .

