ഇന്ത്യന്‍ സിനിമയുടെ തിളക്കമുള്ള ഒരധ്യായത്തിന് അന്ത്യം: ഇതിഹാസ താരം സൗമിത്ര ചാറ്റര്‍ജിയ്ക്ക് വിട

കൊല്‍ക്കത്ത: ബംഗാളി സിനിമയിലെ തലയെടുപ്പുള്ള നടനെന്ന വിശേഷണമുള്ള ഇതിഹാസ താരം സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു. കൊല്‍ക്കത്തയിലെ ബെല്ലെ വു ക്ലിനിക്കലായിരുന്നു അന്ത്യം. 15/11/20 ഞായറാഴ്ച ഉച്ചയോടെയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. കൊറോണ സ്ഥിരീകരിച്ചത് മൂലം ഒക്ടോബര്‍ ആറിനാണ് സൗമിത്ര ചാറ്റർജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു മാസത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 14/11/20 ശനിയാഴ്ച അദ്ദേഹത്തിന്റെ ആരോഗ്യ നില അതീവഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ 48 മണിക്കൂറായി അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തിലാണ് എണ്‍പത്തഞ്ചുകാരനായ സൗമിത്ര ചാറ്റര്‍ജിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

സത്യജിത് റേയുടെ ചിത്രങ്ങളിലൂടെ ലോകസിനിമയ്ക്ക് പരിചിതനായ നടനാണ് സൗമിത്ര ചാറ്റര്‍ജി. ബംഗാളിലെ നാടകപ്രസ്ഥാനത്തിനും കവിയരങ്ങുകള്‍ക്കും മറക്കാനാകാത്ത സംഭാവനകള്‍ നല്‍കിയ കലാകാരന്‍ കൂടിയായിരുന്നു അദ്ദേഹം.

സിനിമയുടെ തിരക്കുകളില്‍ നിന്ന് അകന്നെങ്കിലും കൊല്‍ക്കത്തയിലെ വീട്ടില്‍ നാടകവും കവിതാരചനയും സാഹിത്യപ്രവര്‍ത്തനവുമായി സജീവമായിരുന്നു സൗമിത്ര. ഇന്ത്യയുടെ ഇതിഹാസ ചലച്ചിത്രകാരന്‍ സത്യജിത് റേയുടെ പതിനഞ്ച് സിനിമകളില്‍ നായകനായി സൗമിത്രാ ചാറ്റര്‍ജി ഉണ്ടായിരുന്നു. സത്യജിത് റേയുടെ ചിത്രങ്ങള്‍ക്ക് പുറമേ മൃണാള്‍ സെന്‍, തപന്‍ സിന്‍ഹ തുടങ്ങി നിരവധി സംവിധായകരുടെ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുള്ള അദ്ദേഹം ബംഗാളിലെ കലാസാംസ്‌കാരിക മേഖലയിലെ അപൂര്‍വ്വ വ്യക്തിത്വങ്ങളിലൊന്നാണ്. നാടകരംഗത്തും സാഹിത്യരംഗത്തും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. പരംപ്രദ ചതോപാധ്യായ് സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററിയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് വരികെയാണ് കൊവിഡ് ബാധിച്ചത്.

1935 ജനുവരി 19ന് കൊല്‍ക്കത്തയിലെ കൃഷ്ണനഗറില്‍ ജനിച്ച അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയതും ഈ നഗരത്തില്‍ നിന്നാണ്. തുടര്‍ന്ന് സ്‌കോട്ടിഷ് ചര്‍ച്ച് കോളേജില്‍ ബംഗാളി സാഹിത്യത്തില്‍ ഓണറി ബിരുദവും യൂണിവേഴ്സിറ്റി ഓഫ് കൊല്‍ക്കത്തയില്‍ നിന്ന് ബംഗാളിയില്‍ ബിരുദാന്തരബിരുദവും എടുത്തു. സ്‌കൂള്‍ നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. കോളേജ് പഠനകാലത്താണ് തീയറ്റര്‍ രംഗത്ത് (നാടകം) സജീവമായത്. അനാരോഗ്യം മൂലം ചികിത്സയിലാകുന്നത് വരെ തീയറ്റര്‍ രംഗത്ത് അദ്ദേഹം സജീവമായിരുന്നു. 1959ല്‍ സത്യജിത് റേയുടെ അപുര്‍സന്‍സാറിലൂടെയാണ് സൗമിത്ര ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്. ഓള്‍ ഇന്ത്യ റേഡിയോയിലെ അനൗണ്‍സറായി പ്രവര്‍ത്തിക്കവേയാണ് അപുര്‍സന്‍സാറിലെ നായകനായി സൗമിത്ര ചാറ്റര്‍ജിയെ സത്യജിത്ത് തിരഞ്ഞെടുത്തത്. ഈ കൂട്ടുകെട്ടില്‍ നിരവധി മികച്ച സിനിമകള്‍ പുറത്തുവന്നു.തുടര്‍ന്ന് തീന്‍ കന്യ, ചാരുലത, ദേബി, കാ പുരുഷ്, ആരണ്യേര്‍ ദിന്‍ രാത്രി, ജോയ് ബാബ ഫേലുനാഥ്, സോനാര്‍ കെല്ല, ആശാനി സങ്കേത്, ഖരേ ഭൈരേ, ഗണശത്രു തുടങ്ങിയ ശ്രദ്ധേയമായ റേ സിനിമകളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.1980-1990 കാലഘട്ടത്തില്‍ സമകാലിക ബംഗാളി സംവിധായകരായ ഗൗതം ഘോഷ്, അപര്‍ണ സെന്‍, അന്‍ജന്‍ ദാസ്, ഋതുപര്‍ണ ഘോഷ് എന്നിവര്‍ക്കൊപ്പവും സൗമിത്ര പ്രവര്‍ത്തിച്ചു. പത്മഭൂഷന്‍ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. മികച്ച നടനുള്ള ദേശീയ അവാര്‍ഡും ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരവും സൗമിത്ര ചാറ്റര്‍ജിക്ക് ലഭിച്ചിട്ടുണ്ട്. സംഗീത് നാടക് അക്കാഡമി, ടാഗോര്‍ രത്ന പുരസ്‌കാരവും ഫ്രഞ്ച് ഗവണ്‍മെന്റ് പരമോന്നത ബഹുമതികളിലൊന്നായ ലീജിയണ്‍ ഓഫ് ഓണര്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ശേഷ്ഠ കബിത എന്ന പേരില്‍ 1993ല്‍ സൗമിത്ര ചാറ്റര്‍ജിയുടെ കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. പൊരിചൊയ് (പരിചയ്) എന്ന പേരില്‍ ആത്മകഥാസമാനമായ അനുഭവക്കുറിപ്പുകള്‍ എഴുതിയിട്ടുണ്ട്. ദീപ ചാറ്റര്‍ജിയാണ് ഭാര്യ. പൗലമി, സുഗത എന്നിവരാണ് മക്കള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →