തെരഞ്ഞെടുപ്പ് ഡ്യൂട്ടി വിവര ശേഖരണം; കണ്ണൂര്‍ ജില്ലയില്‍ വിദ്യാലയ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കണം

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് ഇ- ഡ്രോപ്പ് സോഫ്റ്റ് വെയര്‍ മുഖേന ജീവനക്കാരുടെ വിവരശേഖരണം നടത്തുന്നതിന് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളുടെ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുവെന്ന് പ്രാധാനാധ്യപകരും പ്രിന്‍സിപ്പല്‍മാരും ഉറപ്പുവരുത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. കൊവിഡ് കാരണം വിദ്യാലയങ്ങള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം.

സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്റ്റേറ്റ് കോര്‍പ്പറേഷനുകള്‍, ബോര്‍ഡുകള്‍, സ്റ്റേറ്റ് പി എസ് യു, യൂണിവേഴ്‌സിറ്റികള്‍, പി എസ് സി, എയ്ഡഡ് കോളേജ്/ സ്‌കൂളുകള്‍, സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഉള്ള സ്വാശ്രയ ധനകാര്യ സ്ഥാപനങ്ങള്‍, കേരള ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക് എന്നിവിടങ്ങളിലെ ജീവനക്കാരുടെ വിവരശേഖരണം ഇ- ഡ്രോപ്പ് സോഫ്റ്റവെയര്‍ വഴി നടക്കുന്നുവെന്ന് ഓഫീസ് മേധാവികള്‍ ഉറപ്പ് വരുത്തണം. ഇ- ഡ്രോപ്പ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അതാത് സ്ഥാപന മേധാവികളും, വരണാധികാരിയുടേയും ഉപവരണാധികാരിയുടേയും ഓഫീസ് ഉള്‍പ്പെടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും ഉറപ്പ് വരുത്തണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിനായി ഓരോ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണം.  

കൂടാതെ തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് എല്ലാ സ്ഥാപനങ്ങളും ഉത്തരവാദപ്പെട്ട ജീവനക്കാരുടെ മതിയായ ഹാജര്‍ നില ഉറപ്പ് വരുത്തി ഓഫീസ് തുറന്ന് പ്രവര്‍ത്തിപ്പിക്കണം. ഈ കാര്യത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് എതിരെ തെരഞ്ഞടുപ്പ് നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/9108/Kerala-Local-Body-Election.html

Share
അഭിപ്രായം എഴുതാം