ലക്നൗ: സമാജ് വാദി പാർട്ടി ഒരു പാര്‍ട്ടിയുമായും സഖ്യത്തിന് ഇല്ലെന്ന് പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവ്.
ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ അടക്കം സഖ്യത്തിന് മുതിരില്ലന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ബിഎസ്പി അടക്കമുള്ള വലിയ പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പ് സഖ്യത്തിനുള്ള സാധ്യതകള്‍ പൂര്‍ണ്ണമായും അഖിലേഷ് തള്ളിക്കളഞ്ഞു. എന്നാൽ ചെറുകക്ഷികളുമായി ഇടപെടലുകൾക്ക് തയാറാണ്. പത്രസമ്മേളനത്തില്‍ അമ്മാവന്‍ ശിവപാല്‍ യാദവിന് ഭരണത്തില്‍ ഏറിയാല്‍ ക്യാബിനറ്റ് റാങ്ക് നല്‍കുമെന്നും അഖിലേഷ് അറിയിച്ചു. അദ്ദേഹത്തിന്റെ സീറ്റായ ജസ്വന്ത് നഗറിൽ അദ്ദേഹം മത്സരിച്ച് ജയിച്ചാല്‍ പാര്‍ട്ടി അധികാരത്തില്‍ എത്തിച്ചേർന്നാൽ അദ്ദേഹത്തിന് മന്ത്രിസഭയില്‍ അംഗമാകാമെന്നും അഖിലേഷ് പറഞ്ഞു.
ശിവപാൽ യാദവ് പിഎസ്പി (ലോഹ്യ) എന്ന പാര്‍ട്ടി ഉണ്ടാക്കി 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ഇദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിക്കുമോ എന്ന ചോദ്യത്തിനാണ് അഖിലേഷ് മറുപടി നൽകിയത്.2017 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അമ്മാവനായ അദ്ദേഹം അഖിലേഷിനോട് ഇടഞ്ഞ് പാർട്ടി വിടുകയായിരുന്നു.
മഹാസഖ്യത്തിന്റെ ജനപിന്തുണയിലും വിജയത്തിലും പ്രതികരിച്ച അഖിലേഷ് ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വേണ്ടി മത്സരിച്ചത് അവരുടെ സര്‍ക്കാറിന്റെ ഉദ്യോഗസ്ഥരാണ് എന്ന് കുറ്റപ്പെടുത്തി.
2022 ഏപ്രിലിലോ, മാര്‍ച്ചിലോ ആയിരിക്കും ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക.

