കോട്ടയം: കോതമംഗലം പളളി തര്‍ക്ക കേസില്‍ സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭ. പളളിക്കേസുമായി ബന്ധപ്പെട്ട ആഭ്യന്തര സെക്രട്ടറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം സത്യവിരുദ്ധമാണെന്നും കോടതി നടപടികള്‍ നിര്‍ത്തിവയ്പ്പിക്കാന്‍ ഒരു ധാരണയും ഉണ്ടാക്കിയില്ലെന്നും ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചകളില്‍ തെറ്റായ വ്യാഖ്യാനം നടത്തി. കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് വൈമനസ്യമാണെന്നും നിയമ വാഴ്ചയെ വെല്ലുവിളിക്കുകയാണെന്നും ഓര്‍ത്തഡോക്‌സ് സഭ ആരോപിച്ചു.
കോതമംഗലം പളളിത്തര്‍ക്കം പരിഹരിക്കുന്നതിന് മൂന്നുമാസത്തെ സമയം കൂടി വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.ചര്‍ച്ചയില്‍ തീരുമാനമാകാതെ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തില്ലെന്ന് ഇരുവിഭാഗവും തമ്മില്‍ ധാരണയുണ്ടെന്നായിരുന്നു സത്യവാങ്മൂലത്തിലുണ്ടായിരുന്നത്.
കോടതി ഉത്തരവിന്റെ ബലത്തില്‍ ബലമായി പളളിപിടിച്ചെടുക്കില്ലെന്നും ധാരണയുണ്ട്. ചര്‍ച്ചയില്‍ തീരുമാനം ആകുംവരെ നിലവിലെ അവസ്ഥ തുടരണമെന്നും പളളിപിടിച്ചെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചാല്‍ നിലവിലെ ധാരണകള്‍ പൊളിയുമെന്നും സമാധാനാന്തരീക്ഷം തകരുമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

