ന്യൂഡൽഹി: രോഹിത് ശർമ്മ നയിച്ച മുംബൈ ഇന്ത്യൻസ് ഐപിഎൽ 13-ാം സീസണിലെ കിരീടം കൂടി സ്വന്തമാക്കിയതോടെ വിരാട് കോഹ്ലിയെ മാറ്റി രോഹിത് ശർമ്മയെ ദേശീയ ട്വന്റി 20 ടീമിന്റെ നായകനാക്കണമെന്ന ആവശ്യം ശക്തമായി. ഏഴ് വർഷത്തിനുളളിൽ 5 കിരീടങ്ങളാണ് നായകൻ രോഹിത് ശർമ സ്വന്തം പേരിൽ എഴുതിച്ചേർത്തത്.
മുംബൈ ഇന്ത്യന്‍സ് ലോകത്തെ ഏറ്റവും മികച്ച ട്വന്റി20 ഫ്രാഞ്ചൈസിയാണെന്നും രോഹിത് ഏറ്റവും മികച്ച ക്യാപ്റ്റനാണെന്നും മുന്‍ ഇന്ത്യന്‍ ഓപ്പണർ വിരേന്ദര്‍ സെവാഗ് അഭിപ്രായപ്പെട്ടു.
രോഹിത് ശര്‍മ്മ ഇന്ത്യയുടെ ട്വന്റി 20 നായകനായില്ലെങ്കില്‍ നഷ്ടം അദ്ദേഹത്തിനല്ല, ഇന്ത്യക്കാണെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ പറഞ്ഞു. പ്രകടനം നോക്കിയാല്‍ അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ നേടിയ രോഹിത് തന്നെയാണ് ക്യാപ്റ്റനാകേണ്ടതെന്നും ഗംഭീര്‍ പ്രതികരിച്ചു.
‘രോഹിത് ശര്‍മ്മയെ നിര്‍ബന്ധമായും ഇന്ത്യയുടെ ട്വന്റി20 നായകനാക്കണം. വിസ്മയിപ്പിക്കുന്ന മാനേജറും നേതാവുമാണയാള്‍. എങ്ങനെ ട്വന്റി 20 ജയിപ്പിക്കണമെന്ന് അദ്ദേഹത്തിനറിയാം. ഇത്‌വഴി കൂടുതല്‍ ആശ്വാസത്തോടെ കളിക്കാരനായി തുടരാന്‍ കോഹ്‌ലിക്കാകും’-മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍ അഭിപ്രായപ്പെട്ടു.
എംഎസ് ധോണി വിരമിച്ചതോടെ നിലവില്‍ ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റ് ടീമുകളേയും വിരാട് കോഹ്‌ലിയാണ് നയിക്കുന്നത്. ഏകദിനത്തിലും ട്വന്റി 20യിലും രോഹിത്താണ് വൈസ് ക്യാപ്റ്റന്‍. അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ ട്വന്റി 20 ലോകകപ്പ് നടക്കാനിരിക്കെയാണ് രോഹിത്തിനെ ക്യാപ്റ്റനാക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്.