തിരുവനന്തപുരം: ഗതാഗത നിയമങ്ങള്‍ക്കുളള പിഴ കുറച്ച നടപടിയില്‍ തല്‍ക്കാലം മാറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദശിക്കുന്നില്ല. കേന്ദ്ര നിയമ ഭേദഗതിയിലെ പരമാവധി പിഴയില്‍ മാറ്റം വരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതിയുടെ റോഡ് സുരക്ഷാ സമിതിയെ കേരളം അറിയിച്ചു.
പിഴ കുറച്ച നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി നിയോഗിച്ച സുരക്ഷാ സമിതി കേരളത്തിന് കത്ത് നൽകിയിരുന്നു. ഏതൊക്കെ നിയമ ലംഘനങ്ങളുടെ പിഴയാണ് കുറച്ചതെന്നടക്കമുളള വിവരങ്ങളും വിശദീകരണങ്ങളും നല്‍കാനും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഗതാഗത കമ്മീഷണറുമായി മന്ത്രി എ കെ ശശീന്ദ്രന്‍ ചര്‍ച്ച ചെയ്ത ശേഷമാണ് മറുപടി നല്‍കിയത്.
ഗതാഗത നിയമം ലംഘനങ്ങള്‍ക്കുളള പിഴ കുത്തനെ ഉയര്‍ത്തി കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.എന്നാല്‍ കേരളത്തില്‍ കടുത്ത പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ മദ്യപിച്ച് വാഹനമോടിക്കുന്നതൊഴിച്ച് മിക്ക നിയമ ലംഘനങ്ങള്‍ക്കുമുളള പിഴ കുറച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഹെല്‍മെറ്റ് ധരിക്കാത്തതിനും സീറ്റ് ബെല്‍റ്റിടാത്തതിനും 1000രൂപ പിഴയെന്നുളളത് 500രൂപ ആയും, അമിത വേഗത്തിനുളള 3000രൂപ പിഴ ആദ്യ ലംഘനത്തിന് 1500 രൂപയായും കുറച്ചു. മറ്റുചില സംസ്ഥാനങ്ങളും പിഴ കുറച്ചിരുന്നു.

