ആന്ധ്രയിൽ ആത്മഹത്യക്കു മുൻപ് സെൽഫി വീഡിയോ പകർത്തി നാലംഗ കുടുംബം; പൊലീസിന്റെ ഉപദ്രവം സഹിക്കാനാകുന്നില്ലെന്ന് ഗൃഹനാഥൻ

ഹൈദരാബാദ്: നിറഞ്ഞ കണ്ണുകളോടെയും വിറയ്ക്കുന്ന ശബ്ദത്തോടെയും ആന്ധ്രയിലെ നന്ദിയാൽ പട്ടണത്തിലെ വാടക വീട്ടിൽ നിന്നും അബ്ദുൾ സലാം എന്ന മനുഷ്യൻ ആ സെൽഫി വീഡിയോ പകർത്തി. പത്താം ക്ലാസുകാരിയായ മകൾ സൽമയും നാലാം ക്ലാസുകാരനായ മകൻ കലന്ദറും സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യനൂർജഹാനും അദ്ദേഹത്തിന്റെ ചുറ്റും കൂടി നിന്നിരുന്നു.

ഇളകുന്ന വീഡിയോ ഫ്രെയിം ആദ്യം അബ്ദുൾ സലാം ശരിയാക്കുന്നു. സ്‌ക്രീനിൽ സ്വയം കാണുമ്പോൾ ഭാര്യയും മകളും പുഞ്ചിരിക്കുന്നു. പെട്ടെന്ന് നൂർജഹാനും കരയാൻ തുടങ്ങുന്നു. പക്ഷേ, കുട്ടികൾ നിർവികാരതയോടെ മൊബൈൽ ക്യാമറയിലേക്ക് നോക്കിയിരിക്കുന്നു. “നമ്മൾ എന്ത് പറയണം?” നൂർജഹാൻ ഭർത്താവിനോട് ചോദിക്കുന്നു. അബ്ദുൾ സലാം സാവധാനം സംസാരിച്ചു തുടങ്ങുന്നു. പൊലീസ് പ്രതിചേർത്ത രണ്ട് കുറ്റകൃത്യങ്ങളുമായും തനിക്ക് യാതൊരു ബന്ധവുമില്ലെന്നും പൊലീസിന്റെ പീഡനം ഇനിയും സഹിക്കാൻ തനിക്കാവില്ലെന്നും കണ്ണീരോടെ തൊണ്ടയിടറി അദ്ദേഹം പറയുന്നു.

നവംബർ 4 ബുധനാഴ്ച ഉച്ചയോടെ ഒരു കുടുംബത്തിലെ നാലുപേരെ കർനൂൾ ജില്ലയിലെ പന്യാം മണ്ഡലിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ സംഭവത്തിനു ശേഷമാണ് അവർ സ്വയം റെക്കോർഡ് ചെയ്ത വീഡിയോ പുറത്തുവരുന്നത്. “ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഓട്ടോയിലോ കടയിലോ നടന്ന മോഷണവുമായി എനിക്ക് യാതൊരു ബന്ധവുമില്ല. പീഡനം സഹിക്കാൻ എനിക്ക് കഴിയുന്നില്ല. ഞങ്ങളെ സഹായിക്കാൻ ആരുമില്ല. അതുകൊണ്ടാണ് ആത്മഹത്യ ചെയ്യുന്നത്. മരണത്തിലൂടെയെങ്കിലും മനസ്സമാധാനം ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ” വീഡിയോയിൽ അബ്ദുൾ സലാം പറയുന്നു.

നന്ദിയാലിലെ ഒരു ജ്വല്ലറിയിൽ ജോലി ചെയ്യുകയായിരുന്നു അബ്ദുൾ സലാം. ഏതാനും മാസങ്ങൾക്ക് മുമ്പ് ജ്വല്ലറിയിൽ ഒരു മോഷണം നടന്നു. അബ്ദുൾ സലാമാണ് മോഷ്ടാവെന്ന് കടയുടമ സംശയിക്കുന്നു. തുടർന്ന് അബ്ദുൾ സലാമിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ജയിലിലാക്കുകയും ചെയ്യുന്നു. റിമാന്റ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പൊഴും ജ്വല്ലറി ഉടമയും പോലീസും അബ്ദുൾ സലാമിനെ ഉപദ്രവിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

പൊലീസ് അതിക്രൂരമായി സലാമിനെ മർദിച്ചിരുന്നുവെന്ന് ഒരു ബന്ധു പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. “മാസത്തിൽ ഒപ്പിടാൻ പോലീസ് സ്റ്റേഷനിൽ പോകുമ്പോഴെല്ലാം പൊലീസുകാർ അദ്ദേഹത്തെ മർദിച്ചിരുന്നു. ഭാര്യയെക്കുറിച്ചു പോലും മോശമായി ഉദ്യോഗസ്ഥർ സംസാരിച്ചിരുന്നു.” ബന്ധുവായ ആൾ പറഞ്ഞു.

“ഏതാനും ദിവസങ്ങൾക്ക് മുമ്പ് അബ്ദുൾ സലാമിന്റെ കൂടെ ഓട്ടോയിൽ സഞ്ചരിച്ച ഒരാൾ തന്റെ ബാഗ് കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകി. ഇതോടെ കൂട്ടാളികളുടെ സഹായത്തോടെ അബ്ദുൾ സലാം ബാഗ് മോഷ്ടിച്ചുവെന്ന ഒരു കഥ കൂടി പോലീസ് ഉദ്യോഗസ്ഥർ മെനഞ്ഞു. ” ബന്ധു പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് സർക്കിൾ ഇൻസ്പെക്ടർ അടക്കം രണ്ട് പൊലീസുകാരെ അറസ്റ്റു ചെയ്തിട്ടുണ്ട്.

കേസ് വേഗത്തിൽ അന്വേഷിക്കാൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി അധികാരികളോട് നിർദ്ദേശിച്ചതായി റിപ്പോർട്ടുണ്ട്. ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ശങ്ക ബ്രത ബാഗ്ചി, ഐപിഎസ് ഓഫീസർ ആരിഫ് ഹഫീസ് എന്നിവരാണ് അന്വേഷണം നടത്തുന്നത്.

സംസ്ഥാനത്തെ മുസ്‌ലിംഗളുടെ മേൽ വ്യാജ കേസുകൾ കെട്ടി വയ്ക്കുന്നതിന്റെ ഒരു ഉദാഹരണമാണ് അബ്ദുൾ സലാമിന്റെയും കുടുംബത്തിന്റെയും ദാരുണമായ മരണമെന്ന് പ്രതിപക്ഷ നേതാവ് ചന്ദ്രബാബു നായിഡു ആരോപിച്ചു. അദ്ദേഹം അബ്ദുൾ സലാമിന്റെ വീഡിയോ സാമൂഹ്യമാധ്യമത്തിൽ പങ്കുവച്ചിട്ടുമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →