കെ പി യോഹന്നാനെ ഇന്ത്യയിലെത്തിക്കാൻ ശ്രമം തുടങ്ങി, കാനഡയിലും യോഹന്നാനെതിരെ പരാതി

പത്തനംതിട്ട: അനധികൃത സ്വത്ത് സമ്പാദനക്കേസിലും നിയമവിരുദ്ധമായി വിദേശ പണം സ്വീകരിച്ച കേസിലും ബിലീവേഴ്സ് ചർച്ച് സ്ഥാപകൻ കെ.പി. യോഹന്നാനെയും സഭയുടെ പ്രധാന ചുമതല വഹിക്കുന്ന ഫാദര്‍ ഡാനിയല്‍ വര്‍ഗീസിനെയും ഇന്ത്യയില്‍ എത്തിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമം ആരംഭിച്ചു.

കാനഡയിലെ അക്കൗണ്ടുകളില്‍ നിന്നാണ് കെ പി യോഹന്നാന് കൂടുതല്‍ പണമെത്തിയത് എന്ന് ഉദ്യോഗസ്ഥർക്ക് വ്യക്തമായിട്ടുണ്ട്. കെ.പി. യോഹന്നാന്‍ കനേഡിയന്‍ കോടതിയില്‍ പാപ്പര്‍ ഹര്‍ജി നല്‍കിയതായി സൂചനയുണ്ട്. സുവിശേഷ, സേവന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി തങ്ങള്‍ നല്‍കിയ കോടികള്‍ യോഹന്നാന്‍ ദുരുപയോഗം ചെയ്‌തെന്ന് കാണിച്ച്‌ അമേരിക്കയിലെയും കാനഡയിലെയും ചിലര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ ഗോസ്പല്‍ ഫോര്‍ ഏഷ്യയും യോഹന്നാനും പാപ്പര്‍ ഹര്‍ജി നല്‍കിയത്.

ബിലീവേഴ്സ് ചര്‍ച്ച്‌ വിദേശത്തു നിന്ന് ഇന്ത്യയില്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് എന്ന പേരില്‍ പിരിക്കുന്ന പണം കച്ചവട താത്പര്യത്തോടെ ഉപയോഗിക്കുന്നുവെന്നാണ് ചില അക്കൗണ്ടുടമകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കിയത്. തങ്ങള്‍ നല്‍കിയ പണം മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടും ഇവര്‍ കനേഡിയന്‍ കോടതിയേയും സമീപ്പിച്ചിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കൂടിയാണ് ബിലീവേഴ്സിനെതിരായ അന്വേഷണം ആദയനികുതി വകുപ്പ് ഉള്‍പ്പെടെ ആരംഭിച്ചത്.
പ്രഥമിക പരിശോധനയില്‍ തന്നെ 300 കോടി രൂപയുടെ അനധികൃത ഇടപാട് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. പതിനാലര കോടിയുടെ അനധികൃത പണം റെയ്ഡില്‍ പിടികൂടിയിട്ടുണ്ട്. ഇതില്‍ ഏഴ് കോടി രൂപ ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജിലെ ജീവനക്കാരന്റെ കാറിന്റെ ഡിക്കിയില്‍ നിന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ആറായിരം കോടി രൂപയുടെ വിദേശസഹായമാണ് ബിലീവേഴ്സ് ചര്‍ച്ച് കൈപ്പറ്റിയിരിക്കുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്ന സഹായം റിയല്‍ എസ്റ്റേറ്റ്, കണ്‍സ്ട്രക്ഷന്‍ മേഖലകളിലേക്ക് വക മാറ്റി ചെലവഴിച്ചൂവെന്നാണ് കണ്ടെത്തല്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →