തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ കോളേജുകളില്‍ ന്യൂജന്‍ കോഴ്‌സുകള്‍ അനുവദിച്ചപ്പോള്‍ ബയോ കെമിസ്‌ട്രിയെ തഴഞ്ഞതായി വിദ്യാര്‍ത്ഥികള്‍. സര്‍ക്കാര്‍ കോളേജുകളില്‍ ബയോകെമിസ്‌ട്രിയില്‍ എംഎസ് . സി വേണമെന്ന് ആവശ്യം കാലങ്ങളായി വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്നതാണ്. ബിഎസ്.സി ബയോ കെമിസ്‌ട്രി ഉളള കോളേജുകളില്‍ ലാബും മറ്റുസൗകര്യങ്ങളും ഉണ്ടെങ്കിലും പിജി അനുവദിക്കാതെ തഴയുകയായിരുന്നു.
ബയോകെമിസ്‌ട്രി ബിരുദ കോഴ്‌സുകള്‍ ചില കോളേജുകളില്‍ ഉണ്ടെങ്കിലും കേരള യൂണിവേഴ്‌സിറ്റിയുടെ കാര്യവട്ടം കാമ്പസില്‍ മാത്രമാണ് എംഎസ് സി ബയോകെമിസ്‌ട്രി ഉളളത്. അതും 20 സീറ്റുകള്‍ മാത്രം. ചില സ്വകാര്യ കോളേജുകളില്‍ ഉണ്ടെങ്കിലും വന്‍തുകയാണ് ഫീസ്. സംസ്ഥാനത്തെ 47 സര്‍ക്കാര്‍ കോളേജുകളിലായി 49 കോഴ്‌സുകളാണ് പുതിയതായി അനുവദിച്ചത്. ഇതില്‍ തന്നെ 5 കോളേജുകളില്‍ പൊളിറ്റിക്കല്‍ സയന്‍സും, 6 ഇടത്ത് ഇംഗ്ലീഷും ആറിടത്ത് കൊമേഴ്‌സും, അഞ്ചിടത്ത് ഇക്കണോമിക്‌സും മൂന്ന് കോളേജുകളില്‍ ചരിത്രവുമാണ് അനുവദിച്ചത്.
യൂണിവേഴ്‌സിറ്റി കോളേജില്‍ അനവദിച്ച എംഎസ് സി ഇന്‍റഗ്രേറ്റഡ് സൈക്കോളജി, കണ്ണൂര്‍ ഗവണ്‍മെന്‍ന്‍റ് വിമന്‍സ് കോളേജില്‍ അനുവദിച്ച എംഎസ് സി കെമിസ്‌ട്രി വിത്ത് ഡ്രഗ്ഗ് കെമിസ്‌ട്രി എന്നിവയാണ് പുതിയ സയന്‍സ് കോഴ്‌സുകള്‍. ഇതില്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ എംഎസ്.സി സ്‌റ്റാറ്റിസ്‌റ്റിക്‌സ് കോഴ്‌സുണ്ട്.
തിരുവനന്തപുരത്തുമാത്രം നാലുകോളേജുകളില്‍ ബയോകെമിസ്‌ട്രിയില്‍ ബിരുദ കോഴ്‌സുണ്ട്. പത്തുവര്‍ഷമായി രസതന്ത്രത്തിനും ഫിസിയോളജി ആന്‍റ് മെഡിസിനും നോബല്‍ സമ്മാനം നേടുന്നവരില്‍ ബഹുഭൂരിപക്ഷവും ബയോ കെമിസ്‌ട്രി ഗവേഷകരാണെന്ന പ്രധാന്യം എടുത്തുകാട്ടിയാണ് പിജി കോഴ്‌സ് വേണമെന്ന ആവശ്യം ഉന്നയിക്കുന്നത്.

