കാബിന്‍ ക്രൂ സ്വര്‍ണ്ണം കടത്തിയത്‌ അരക്കുചുറ്റും ബല്‍റ്റ്‌പോലെ ധരിച്ച്‌

കോഴിക്കോട്‌: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം സ്വര്‍ണ്ണക്കടത്തിന്‌ പിടിയിലായ കാബിന്‍ ക്രൂ നേരത്തെയും സ്വര്‍ണ്ണം കടത്തിയിരുന്നതായി സംശയം. ഇത്‌ സംബന്ധിച്ചുളള അന്വേഷണത്തില്‍ കാബിന്‍ ക്രൂവിനെ കൂടാതെ ഇതേ വിമാനത്തിലെത്തിയ അഞ്ച്‌ യാത്രക്കാരേയും സ്വര്‍ണ്ണക്കടത്തിന്‌ പിടികൂടിയിരുന്നു.

എയര്‍ ഇന്ത്യാ എക്‌സ്‌പ്രസ്‌ വിമാനത്തിലെ കാബിന്‍ ക്രൂവായ കൊല്ലം സ്വദേശി അന്‍സാര്‍ മുഹമ്മദാണ്‌ അറസ്റ്റിലായത്‌. ഡിആര്‍ഐ ഇയാളില്‍ നിന്നും 90 ലക്ഷം രൂപ വിലവരുന്ന 950 ഗ്രാം സ്വര്‍ണ്ണ മിശ്രിതമാണ്‌ പിടികൂടിയത്‌. അരയ്ക്കുചുറ്റും ബല്‍റ്റ്‌പോലെ ധരിച്ചാണ്‌ സ്വര്‍ണ്ണം കൊണ്ടുവന്നത്‌. ദുബായില്‍ നിന്ന്‌ കരിപ്പൂരിലെത്തിയ ഐഎക്‌സ്‌ 1346 വിമാനത്തിലെ കാബിന്‍ ക്രൂവാണ്‌ അന്‍സാര്‍. അഞ്ച്‌ യാത്രക്കാരില്‍ നിന്നായി ആകെ മൂന്നേമുക്കാല്‍ കോടിരൂപ വിലവരുന്ന ഏഴുകിലോഗ്രം സ്വര്‍ണ്ണമാണ്‌ പിടിച്ചെടുത്തത്‌.

കാബിന്‍ ക്രൂ ആയതിനാല്‍ കര്‍ശന പരിശോധനകള്‍ വരില്ല എന്നതിനാലാണ്‌ ശരീരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്തിയത്‌. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എല്ലാ ജീവനക്കാരേയും ദേഹപരിശോധന നടത്തിയപ്പോഴാണ്‌ ‌ അന്‍സാര്‍ പിടിയിലായത്‌. ഇതാദ്യമാണ്‌ സ്വര്‍ണ്ണം കടത്തിയതെന്നാണ്‌ ഇയാളുടെ മൊഴി. എന്നാല്‍ അധികൃതര്‍ ഇത്‌ വിശ്വസിച്ചിട്ടില്ല. യുഎ ഇ ലേയും കേരളത്തിലേയും ഇയാളുടെ ബന്ധങ്ങളെ കുറിച്ചും ഡിആര്‍ഐ അന്വേഷിക്കുന്നുണ്ട്‌ .

കൂടുതല്‍ എയര്‍ലൈന്‍ ജീവനക്കാര്‍ സ്വര്‍ണ്ണ കടത്തില്‍ പങ്കാളികളാണോ എന്നും അന്വേഷിക്കും. ഒരേ വിമാനത്തിലെത്തിയ ആറുപേര്‍ ഒരേരീതിയില്‍ സ്വര്‍ണ്ണം കടത്തിയതിന്‌ പിന്നില്‍ ഒരേ സംഘമാണോയെന്നും പരിശോധിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →