അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തളളി

മുംബൈ: ആത്മഹത്യാ പ്രേരണക്കുറ്റത്തില്‍ അറസ്റ്റിലായ റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളി. തിങ്കളാഴ്ചയാണ് (09/11/20) കോടതി അർണബിന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളിയത്. അസാധാരണമായ സാഹചര്യമില്ലെന്ന് വിലയിരുത്തിയാണ് ബോംബെ ഹൈക്കോടതിയുടെ നടപടി.

ആത്മഹത്യാ പ്രേരണക്കുറ്റത്തില്‍ അറസ്റ്റിലായതിന് ശേഷം ബോംബെ ഹൈക്കോടതിയില്‍ അര്‍ണബിന്റെ അഭിഭാഷകര്‍ ആദ്യം ഹേബിയസ് കോര്‍പസ് ഹരജിയായിരുന്നു സമര്‍പ്പിച്ചിരുന്നത്. പിന്നീടാണ് ഇടക്കാല ജാമ്യാപേക്ഷ നല്‍കിയത്.

കേസ് രജിസ്റ്റര്‍ ചെയ്തത് നിയമവിരുദ്ധമായിട്ടാണെന്നും മജിസ്‌ട്രേറ്റിന്റെ ഉത്തരവില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അര്‍ണാബിന്റെ അഭിഭാഷകര്‍ വാദിച്ചിരുന്നു. എന്നാല്‍ മജിസ്‌ട്രേറ്റിന്റെ വിധിയെ ചോദ്യം ചെയ്ത് മുംബൈ പൊലീസ് കോടതിയെ സമീപിച്ചിട്ടുണ്ടെന്ന കാര്യം ഹൈക്കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു.

മജിസ്‌ട്രേറ്റ് കോടതിയില്‍നിന്നും തീര്‍പ്പുണ്ടാകാത്ത പശ്ചാത്തലത്തില്‍ ജാമ്യം അനുവദിക്കാന്‍ അസാധാരണമായ സാഹചര്യം നിലവില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

ജാമ്യത്തിനായി സെഷന്‍സ് കോടതിയെ അര്‍ണബിന് സമീപിക്കാം. അത്തരത്തില്‍ നീക്കമുണ്ടായാല്‍ നാല് ദിവസത്തിനകം ജാമ്യ ഹരജി സെഷന്‍സ് കോടതി പരിഗണിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

കഴിഞ്ഞയാഴ്ചയാണ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി അര്‍ണബിനെ അറസ്റ്റ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →