ചെന്നൈ: തമിഴകത്തിന്റെ ഇളയ ദളപതി വിജയിയെക്കുറിച്ചുള്ള അമ്മ ശോഭയുടെ പ്രസ്താവന ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. അച്ഛൻ രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്തതിനാൽ വിജയ് എതിർപ്പുമായി രംഗത്ത് എത്തിയിരുന്നു. ഓൾ ഇന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം എന്ന പേരിൽ പിതാവ് രജിസ്റ്റർ ചെയ്ത പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി വിജയ് നേരിട്ട് രംഗത്ത് എത്തുകയായിരുന്നു. തന്റെ ആരാധകരോട് പാർട്ടിയിൽ നിന്നും മാറി നിൽക്കാനും വിജയ് ആവശ്യപ്പെട്ടിരുന്നു.
പാർട്ടി രൂപീകരിച്ചതുമായി ബന്ധപ്പെട്ട് അച്ഛനും മകനും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നുവെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ഇപ്പോൾ വിജയ്‌യുടെ അമ്മ. ഒരു അസോസിയേഷൻ രൂപീകരണമെന്നാവശ്യപ്പെട്ടാണ് അച്ഛൻ മകനെ സമീപിച്ചത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെ തനിക്ക് പാർട്ടിയിലേക്ക് വരാനോ എവിടെയെങ്കിലും ഒപ്പിടാനോ കഴിയില്ലെന്നായിരുന്നു വിജയ് അന്ന് അച്ഛനോട് പറഞ്ഞത്. ഒരു മാസം മുൻപായിരുന്നു ഈ സംഭവമെന്നും അമ്മ പറയുന്നു.
എന്നാൽ ഒരാഴ്ച മുമ്പ് പാർട്ടി രൂപീകരിക്കുകയാണെന്ന് അറിഞ്ഞ ഉടനെ തന്നെ തനിക്ക് പാർട്ടിയുടെ ഭാഗമാകാൻ സാധിക്കില്ലെന്ന് അറിയിച്ചു. ഇത് ചന്ദ്രശേഖർ അംഗീകരിച്ചുവെന്നും ശോഭ പറയുന്നു. അതേസമയം പിതാവിനോട് പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മൗനം പാലിക്കാൻ വിജയ് ആവശ്യപ്പെട്ടിരുന്നുവെന്നും അമ്മ പറയുന്നു. എന്നാൽ ചന്ദ്രശേഖർ അഭിമുഖങ്ങളും മറ്റും നൽകുകയായിരുന്നു. ഇതോടെ വിജയ് പിതാവിനോട് സംസാരിക്കുന്നത് നിർത്തിയെന്നും ശോഭ പറഞ്ഞു. അച്ഛനും മകനും തമ്മിലുള്ള അഭിപ്രായഭിന്നതയും വിജയ്‌യുടെ നിർണ്ണായക തീരുമാനത്തെക്കുറിച്ചുമൊക്കെയുള്ള ചർച്ചകളിലാണ് ആരാധകർ.

