കൊച്ചി: ആയുര്‍വേദ ഔഷധങ്ങള്‍ അബ്ക്കാരി നിയമത്തില്‍കീഴില്‍ വരില്ലെന്നും, ഇവ വില്‍ക്കുന്നതും കൊണ്ടുപോകുന്നതും തടയാന്‍ എക്‌സൈസിന് അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അനുമതിയില്ലാതെ അരിഷ്ടം കടത്തിയെന്നാരോപിച്ച് തന്റെ ബൊലേറോ വാഹനം കണ്ടുകെട്ടാനുളള എക്‌സൈസ് കമ്മീഷണറുടെ ഉത്തരവിനെതിരെ ഇടുക്കി തങ്കമണി സ്വദേശി കെ.ടി ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബഞ്ച് ഉത്തരവായത്. വാഹനം കണ്ടുകെട്ടാനുളള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
അതേസമയം ആയുര്‍വേദ ഔഷധം എന്ന പേരില്‍ അനുവദനീയ അളവില്‍കൂടുതല്‍ ഇഥൈല്‍ ആല്‍ക്കഹോള്‍ അടങ്ങിയവ കൊണ്ടുപോകുമ്പോള്‍ സാഹചര്യം വ്യത്യസ്ഥമാണെന്നും ഇതിനെതിരെ നടപടിയെടുക്കുന്നതിന് തടസമില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഹര്‍ജിക്കാരന്റെ കേസില്‍ അരിഷ്ടത്തില്‍ നിശ്ചിതഅളവില്‍ കൂടുതല്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ ഉത്തരവ് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

