ലണ്ടൻ : കാലാവസ്ഥാ വ്യതിയാനവും അനിയന്ത്രിതമായ ഭൂവിനിയോഗവും മൂലം അടുത്ത 80 വർഷത്തിനുള്ളിൽ ഭൂമുഖത്തെ ജീവാഭയ വ്യവസ്ഥകളുടെ 23% വും അപ്രത്യക്ഷമാകുമെന്ന് പഠനം. സമീപ ഭാവിയിൽ തന്നെ ജീവലോകം നേരിട്ടേക്കാവുന്ന മഹാദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പു നൽകുന്ന കേംബ്രിഡ്ജ് സർവകലാശാലയുടെ പഠനം ‘നേച്വർ കമ്യൂണിക്കേഷൻസ്’ ജേർണലാണ് പ്രസിദ്ധീകരിച്ചത്.
ലോകത്തിലെ വ്യത്യസ്തമായ 16 കാലാവസ്ഥാ – സാമൂഹ്യ-സാമ്പത്തിക മേഖലകളുടെ 1700 മുതൽ 2020 വരെയുള്ള സ്ഥിതിവിവരക്കണക്കുകൾ പഠന വിധേയമാക്കിയാണ് ഗവേഷക സംഘം നിഗമനത്തിലെത്തിച്ചേർന്നത്. 16,919 ജീവിവർഗങ്ങളുടെ ഭൂമിശാസ്ത്രപരമായ വ്യതിയാനങ്ങൾ സംഘം വിശകലനം ചെയ്തു.
ലോകത്തിലെ വ്യത്യസ്തമായ 16 കാലാവസ്ഥാ – സാമൂഹ്യ-സാമ്പത്തിക മേഖലകളുടെ 1700 മുതൽ 2020 വരെയുള്ള സ്ഥിതിവിവരക്കണക്കുകൾ പഠന വിധേയമാക്കിയാണ് ഗവേഷക സംഘം നിഗമനത്തിലെത്തിച്ചേർന്നത്. 16,919 ജീവിവർഗങ്ങളുടെ ഭൂമിശാസ്ത്രപരമായ വ്യതിയാനങ്ങൾ സംഘം വിശകലനം ചെയ്തു.
മനുഷ്യരുടെ ഭൂവിനിയോഗത്തിൻ്റെയും കാലാവസ്ഥാ വ്യതിയാനത്തിൻ്റെയും ഫലമായി ലോകമെമ്പാടുമുള്ള സസ്തനികൾ, പക്ഷികൾ, ഉഭയജീവികൾ എന്നിവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയുടെ 18% നഷ്ടപ്പെട്ടു. കീടങ്ങളുടെ നിയന്ത്രണം മുതൽ കാർബൺ സംഭരണം വരെയുള്ള ആവാസവ്യവസ്ഥയുടെ പ്രവർത്തനങ്ങൾക്ക് വൈവിധ്യമാർന്ന ജീവജാലങ്ങൾ അനിവാര്യമാണെന്ന് പഠനം മുന്നറിയിപ്പു നൽകുന്നു.
“അറിയപ്പെടുന്ന മിക്കവാറും എല്ലാ പക്ഷികളുടെയും സസ്തനികളുടെയും ഉഭയജീവികളുടെയും ആവാസവ്യവസ്ഥയുടെ വലിപ്പം കുറഞ്ഞുവരികയാണ്. നമ്മുടെ കാർഷിക പ്രദേശങ്ങളും നഗര പ്രദേശങ്ങളും വികസിപ്പിക്കുന്നതാണ് പ്രധാനമായും ഇതിനു കാരണം.” കേംബ്രിഡ്ജ് സർവകലാശാലയിലെ ജന്തുശാസ്ത്ര വിഭാഗത്തിലെ ഡോ. റോബർട്ട് ബെയർ പറഞ്ഞു.
ചില ഇനം ജീവജാതികൾ മറ്റുള്ളവയേക്കാൾ കൂടുതൽ സ്വാധീനിക്കപ്പെടുന്നു. 16% ജീവിവർഗങ്ങൾക്ക് അവയുടെ ആവാസവ്യവസ്ഥയുടെ പകുതിയിലധികം നഷ്ടപ്പെട്ടു. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ 26% ജീവജാതികൾക്ക് അവയുടെ അഭയ വ്യവസ്ഥയുടെ പകുതി നഷ്ടമാകും.
ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ജീവിവർഗങ്ങളാണ് കൂടുതൽ ബാധിക്കപ്പെട്ടത്. ഏകദേശം 50 വർഷം മുമ്പ് വരെ യൂറോപ്പിലും വടക്കേ അമേരിക്കയിലുമായിരുന്നു മിക്ക കാർഷിക വികസനവും. ഇപ്പോൾ ഉഷ്ണമേഖലാ പ്രദേശങ്ങളിലെ വലിയ ഭൂപ്രദേശങ്ങൾ കാർഷിക മേഖലയ്ക്കായി പരിവർത്തനം ചെയ്യപ്പെടുകയാണ്. തെക്ക് കിഴക്കൻ ഏഷ്യയിൽ എണ്ണപ്പന തോട്ടങ്ങൾക്കായും തെക്കേ അമേരിക്കയിൽ മേച്ചിൽസ്ഥലങ്ങൾക്കായും മഴക്കാടുകൾ വെട്ടിമാറ്റപ്പെടുകയാണ് .
“ഉഷ്ണമേഖലാ പ്രദേശങ്ങൾ ജൈവവൈവിധ്യത്തിൻ്റെ ഹോട്ട് സ്പോട്ടുകളാണ്. ഒരു ഹെക്ടർ ഉഷ്ണമേഖലാ വനത്തെ കാർഷിക ഭൂമിയാക്കി മാറ്റുമ്പോൾ, യൂറോപ്പ് പോലുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് ധാരാളം ജീവജാലങ്ങൾക്ക് അവരുടെ ആവാസഭൂമി നഷ്ടപ്പെടും,” പ്രൊഫ.ബെയർ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം സ്പീഷിസുകളുടെ ഭൂമിശാസ്ത്രപരമായ ശ്രേണികളിൽ കൂടുതൽ സ്വാധീനം ചെലുത്തുമെന്ന് പഠനം പറയുന്നു. വർദ്ധിച്ചുവരുന്ന താപനിലയും മഴയുടെ രീതികൾ മാറുന്നതും ആവാസവ്യവസ്ഥയെ ഗണ്യമായി ബാധിക്കും. ആമസോണിന്റെ വലിയൊരു ഭാഗവും നിത്യഹരിതമായ ഇരുണ്ട മഴക്കാടുകൾ എന്ന നിലയിൽ നിന്ന് അടുത്ത 100 വർഷത്തിനുള്ളിൽ തുറന്ന പുൽമേടുകളും വനഭൂമിയും ചേർന്ന സാവന്ന പോലുള്ള മിശ്രിത ശ്രേണിയിലേക്ക് മാറും.
“ആമസോണിലെ ജീവിവർഗ്ഗങ്ങൾ ഉഷ്ണമേഖലാ മഴക്കാടുകളിൽ ജീവിക്കാൻ അനുയോജ്യമായവയാണ്. കാലാവസ്ഥാ വ്യതിയാനം ഈ ആവാസവ്യവസ്ഥയെ മാറ്റി മറ്റൊന്നാക്കിയാൽ അവയിൽ പലതിനും അതിജീവിക്കാൻ കഴിയില്ല , അല്ലെങ്കിൽ അവ അവശേഷിക്കുന്ന മഴക്കാടുകളുടെ ചെറിയ പ്രദേശങ്ങളിലേക്ക് തള്ളപ്പെടും,” ബെയർ പറഞ്ഞു.
കാർഷിക ഭൂമിയുടെ ആഗോള വിസ്തീർണ്ണം പരിമിതപ്പെടുത്തേണ്ടതുണ്ട്. ഭക്ഷ്യ ഉൽപാദനം സുസ്ഥിരമാക്കുക, മാംസാഹാരത്തിൻ്റെ ഉപഭോഗം കുറയ്ക്കുക , ഭക്ഷണക്രമീകരണം പ്രോത്സാഹിപ്പിക്കുക, ജനസംഖ്യാ വളർച്ച സ്ഥിരമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളിലേക്ക് ലോകം വളരെ വേഗത്തിൽ എത്തിച്ചേരേണ്ടതുമുണ്ട് പഠനം മുന്നറിയിപ്പു നൽകുന്നു.

