കേന്ദ്ര ഏജൻസികളെ കയറൂരി വിട്ട് ഫെഡറൽ സംവിധാനത്തെ തകർക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് മമതാ ബാനർജി

കൊൽക്കത്ത: രാജ്യത്തിന്റെ ഫെഡറൽ ഘടന തകർക്കാൻ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ശ്രമിക്കുന്നതായി തൃണമൂൽ കോൺഗ്രസ്സ് മേധാവിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി. നിരവധിയായ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി വിരുദ്ധരായ പാർടികൾ നേതൃത്വം നൽകുന്ന സർക്കാരുകളെ നിയന്ത്രിക്കാനും അപകീർത്തിപ്പെടുത്താനുമാണ് ബി ജെ പി യുടെ ശ്രമമെന്ന് കൊൽക്കത്തയിൽ വ്യാഴാഴ്ച (05/11/20) നടന്ന ഒരു ചടങ്ങിൽ വച്ച് മമതാ ബാനർജി ആരോപിച്ചു.

അമിത് ഷായുടെ ബംഗാൾ പര്യടനത്തിനു പിന്നാലെയാണ് മമതയുടെ പ്രതികരണം.
പശു കളളക്കടത്ത്,കൽക്കരി കുംഭകോണം എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സി ബി ഐ ഉദ്യോഗസ്ഥരും ഐ ടി ഉദ്യോഗസ്ഥരും റെയ്ഡ് നടത്തിയിരുന്നു.

” കേന്ദ്ര ഏജൻസികളിലൂടെ സംസ്ഥാനങ്ങളിൽ അസ്വസ്ഥത സൃഷ്ടിക്കാനാണ് ബി ജെ പിയുടെ ശ്രമം. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ മറികടക്കാൻ ആർക്കും കഴിയില്ല. ഉദ്യോഗസ്ഥരെ അവർ ഭീഷണിപ്പെടുത്തുന്നു” മമതാ ബാനർജി പറഞ്ഞു.

അടുത്ത വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാനത്ത് സർക്കാരുണ്ടാക്കുമെന്ന് അമിത്ഷാ പശ്ചിമ ബംഗാൾ സന്ദർശന വേളയിൽ വ്യാഴാഴ്ച പറഞ്ഞിരുന്നു.

പശ്ചിമ ബംഗാളിൽ ബിജെപിയുടെ ഉയർച്ച കണ്ട് ബാനർജി ഭയപ്പെട്ടിരിക്കുന്നുവെന്നും അതിനാൽ സംസ്ഥാനത്ത് കേന്ദ്രസർക്കാരിന്റെ ക്ഷേമപദ്ധതികളെ ബോപൂർവ്വം നിയന്ത്രിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു.

Share
അഭിപ്രായം എഴുതാം