മുംബൈ: നഗരത്തിന്റെ ഹരിത ശ്വാസകോശം എന്നറിയപ്പെടുന്ന ആരേ കോളനിയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാരും കേന്ദ്രവും തമ്മില്‍ ഇടയുന്നു. കാഞ്ചുര്‍മാര്‍ഗിലെ 102 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം കേന്ദ്രവും മഹാരാഷ്ട്ര സര്‍ക്കാരും ഉന്നയിക്കാന്‍ തുടങ്ങിയിട്ട് നാളുകളായതാണ്.കഴിഞ്ഞ മാസം ഇവിടെ പണിയാനുദ്ദേശിച്ച മെട്രോ കാര്‍ ഷെഡ് കാഞ്ജൂര്‍മാര്‍ഗിലേക്ക് മാറ്റാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. ആരേ കോളനിയിലെ 800 ഏക്കര്‍ സ്ഥലം വനമേഖലയായി പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് സംസ്ഥാനം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരേ വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന കേന്ദ്രം (ഡിപിഐഐടി) മഹാരാഷ്ട്ര ചീഫ് സെക്രട്ടറി സഞ്ജയ് കുമാറിന് കത്ത് നല്‍കിയതോടെയാണ് പ്രശ്‌നം വഷളാവുന്നത്.
കാര്‍ ഷെഡ് മാറ്റാനുള്ള മുംബൈ സബര്‍ബന്‍ ജില്ലയുടെയും മുംബൈ മെട്രോപൊളിറ്റന്‍ റീജിയണ്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെയും കളക്ടറുടെ തീരുമാനം കേന്ദ്രത്തിന് നഷ്ടമുണ്ടാക്കിയതായി കത്തില്‍ ഡിപിഐഐടി സെക്രട്ടറി ഗുരുപ്രസാദ് മോഹന്‍പത്ര കത്തില്‍ പറയുന്നു.
ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനും ഇന്ത്യന്‍ സര്‍ക്കാരിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഉത്തരവുകള്‍ പിന്‍വലിക്കാന്‍ കളക്ടറോട് നിര്‍ദ്ദേശിക്കാനും ആവശ്യപ്പെടുന്നുവെന്നാണ് കത്തിലുള്ളത്.
പരിസ്ഥിതി സംഘടനകളുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് ഷെഡ് കാഞ്ജൂര്‍മാര്‍ഗിലേക്ക് മാറ്റാന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ചത്. ആരേ കോളനിയില്‍ കാര്‍ ഷെഡ് തുടങ്ങുന്നതിനെതിരേ സമരംചെയ്തവരുടെ പേരിലെടുത്ത കേസുകള്‍ പിന്‍വലിക്കുമെന്നും അദ്ദേഹം അറിയിച്ചു.ആരേ കോളനിയില്‍ മെട്രോ കാര്‍ ഷെഡിനുവേണ്ടി നിര്‍മിച്ച കെട്ടിടം മറ്റേതെങ്കിലും പൊതു ആവശ്യത്തിനുവേണ്ടി ഉപയോഗിക്കും. മുംബൈ മെട്രോയുടെ പുതിയ പാതകളിലോടുന്ന തീവണ്ടികളുടെ അറ്റകുറ്റപ്പണിക്കുവേണ്ട കാര്‍ ഷെഡ് ആരേ കോളനിയിലെ സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മിക്കാന്‍ കഴിഞ്ഞ ബി.ജെ.പി. സര്‍ക്കാരാണ് തീരുമാനിച്ചത്.നഗരത്തിനുള്ളിലെ അപൂര്‍വ വനമേഖലയില്‍ മരങ്ങള്‍ മുറിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വലിയ പ്രതിഷേധത്തിനു വഴിവെച്ചു. പദ്ധതിക്കെതിരേ സമരം ചെയ്ത 38 പേര്‍ക്കെതിരേ കേസെടുത്തിരുന്നു. മരം മുറിക്കുന്നതിനെതിരേ പരിസ്ഥിതി സംഘടനകള്‍ കോടതിയില്‍ പോയെങ്കിലും കാര്‍ ഷെഡ് പണിയുന്നത് വനമേഖലയിലല്ല, റവന്യൂ ഭൂമിയിലാണെന്ന നിലപാടാണ് അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്.
ആരേ കോളനിയിലെ 600 ഏക്കര്‍ സ്ഥലമാണ് വനമേഖലയായി നിശ്ചയിച്ചിരുന്നതെന്നും അത് 800 ഏക്കര്‍ ആയി ഉയര്‍ത്തുകയാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. നഗരമധ്യത്തിനുള്ളില്‍ ഇത്രയും വലിയ വനമേഖല വേറെയെവിടെയും ഇല്ലെന്നും അതിനെ സംരക്ഷിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോളനിയില്‍ താമസിക്കുന്ന ആദിവാസികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചു കൊണ്ടാകും ഇതു ചെയ്യുക. കാഞ്ജൂര്‍മാര്‍ഗിലെ സര്‍ക്കാര്‍ ഭൂമിയിലാണ് കാര്‍ ഷെഡു പണിയുക. അതിന്റെ പേരില്‍ അധികച്ചെലവൊന്നും വരില്ല. ആരേ കോളനിയില്‍ കെട്ടിടം പണിയുന്നതിന് 100 കോടി രൂപ ചെലവിട്ടിട്ടുണ്ട്. ഈ പണം പാഴാകാതിരിക്കാന്‍ കെട്ടിടം പൊതു ആവശ്യത്തിന് ഉപയോഗപ്പെടുത്തും.
ഗോരേഗാവിലെ 1287 ഹെക്ടര്‍ സ്ഥലത്ത് 1949-ലാണ് ആരേ കോളനി സ്ഥാപിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളുടെ കൈയിലാണ് ഇതിലെ 430 ഹെക്ടര്‍ സ്ഥലം.1000 ഏക്കര്‍ വിസ്തൃതിയില്‍ 27 ആദിവാസി കോളനികളും 30 കാലിവളര്‍ത്തല്‍ കേന്ദ്രങ്ങളും ഇവിടെയുണ്ട്. ഇവിടെ കാര്‍ ഷെഡ് നിര്‍മിക്കാന്‍ 2012-ല്‍ തീരുമാനിച്ചിരുന്നെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ 2015-ലാണ് പ്രതിഷേധപരിപാടികള്‍ ശക്തമായത്.കാര്‍ ഷെഡ് ഇവിടെനിന്നു മാറ്റുന്നത് അധികച്ചെലവിനും മെട്രോപാതയുടെ നിര്‍മാണം നീണ്ടുപോകാനും കാരണമാകുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാദം. അന്ന് സംസ്ഥാനസര്‍ക്കാരില്‍ പങ്കാളിയായിരുന്ന ശിവസേനയുടെ യുവനേതാവ് ആദിത്യ താക്കറെ സമരക്കാര്‍ക്ക് പരസ്യപിന്തുണ നല്‍കിയിരുന്നു.

