കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ സര്‍വകലാശാലയില്‍ നടന്ന ഭീകരാക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. 03/11/2020 തിങ്കളാഴ്ച ഉച്ചയോടെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരെല്ലാം വിദ്യാർത്ഥികളാണ് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തിന്റെ അടിയന്തര ഉത്തരവാദിത്തം താലിബാനുൾപ്പടെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല.
രാവിലെ 11 മണിയോടെ കാമ്പസിനുള്ളില്‍ ചാവേര്‍ ബോംബര്‍ കയറിക്കൂടുകയും സ്വയം പൊട്ടിത്തെറിക്കുകയും ചെയ്തു. തുടർന്ന് രണ്ട് തോക്കുധാരികള്‍ കാമ്പസിനകത്ത് പ്രവേശിക്കുകയും തുടരെ തുടരെ വെടിവയ്ക്കാനാരംഭിക്കുകയും ചെയ്തു. 19 പേര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം വക്താവ് താരിഖ് ഏരിയന്‍ പറഞ്ഞു. ചിലരുടെ നില ഗുരുതരമാണ്.
സുരക്ഷാ പരിശോധനകളുള്ള സര്‍വകലാശാലയിലേക്ക് അക്രമികള്‍ എങ്ങനെയാണ് ആയുധങ്ങള്‍ എത്തിച്ചതെന്ന് വ്യക്തമല്ല. അന്വേഷണം നടന്നുവരികയാണെന്ന് ഏരിയന്‍ പറഞ്ഞു.
കാമ്പസില്‍ ഇറാനിയന്‍ പുസ്തകമേള ഉദ്ഘാടനത്തിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എത്താനിരിക്കെയാണ് ആക്രമണം ആരംഭിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയ വക്താവ് ഹമീദ് ഒബൈദി പറഞ്ഞു.
കഴിഞ്ഞയാഴ്ച പടിഞ്ഞാറന്‍ കാബൂളിലെ ഒരു വിദ്യാഭ്യാസ കേന്ദ്രത്തിന് നേരെ നടന്ന ചാവേര്‍ ആക്രമണത്തില്‍ 24 പേര്‍ മരണപ്പെട്ടിരുന്നു. അവിടെയും മരിച്ചവരില്‍ കൂടുതലും വിദ്യാര്‍ത്ഥികള്‍ ആയിരുന്നു.

