വിയന്ന: ഓസ്ട്രിയയിലെ വിയന്നയിലെ പ്രധാന സിനഗോഗിന് പുറത്തുണ്ടായ തീവ്രവാദി ആക്രമണത്തിൽ രണ്ട് പേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച (02/11/2020) രാത്രി 8 മണിയോടെ സിനഗോഗിനു സമീപത്തെ കഫെകളിലും റെസ്റ്റോറന്റുകളിലും അജ്ഞാതർ എത്തി വെടിയുതിർക്കുകയായിരുന്നു. ആറ് സ്ഥലങ്ങളില്‍ വെടിവെപ്പുണ്ടായി. ലോക്ക്ഡൗണ്‍ പ്രഖ്യപിക്കുന്നതിന് മുമ്പായി കഫേയിലും മറ്റും എത്തിയവര്‍ക്കെതിരെയാണ് ആക്രമണം ഉണ്ടായത്. വെടിയേറ്റവരില്‍ ഒരാള്‍ തീവ്രവാദിയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
‘തലസ്ഥാനത്ത് നടന്ന ഭീകരാക്രമണത്തിന്റെ ഇരകളായിരിക്കുകയാണ് നമ്മള്‍’, വെടിവെപ്പ് നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഓസ്ട്രിയന്‍ ചാൻസലർ സെബാസ്റ്റ്യന്‍ കുര്‍സ് പറഞ്ഞു. ‘അക്രമികളില്‍ ഒരാളെ നമ്മള്‍ കീഴ്‌പ്പെടുത്തിക്കഴിഞ്ഞു. എന്നാല്‍ മറ്റുള്ളവര്‍ ഇപ്പോഴും പുറത്ത് തന്നെയുണ്ട്.’ അദ്ദേഹം പറഞ്ഞു.
ആക്രമണോദ്ദേശം ഇതുവരെയും വ്യക്തമല്ലെന്നും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് അധികൃതര്‍ പറയുന്നത്.