കോവിഡ് മഹാമാരിയുടെ നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമാലോകം സജീവമാകുമ്പോൾ ഷൂട്ടിംഗ് തിരക്കുകളിലാണ് താരങ്ങൾ. നായാട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി എറണാകുളത്തുള്ള നിഴലിൻ്റെ സെറ്റിലെത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. നയൻതാരയ്‌ക്കൊപ്പം വേഷമിടുന്ന നിഴലിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചതായി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം വ്യക്തമാക്കിയത്.
സംസ്ഥാന പുരസ്‌കാര ജേതാവായ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമാണ് നിഴൽ. കേരളത്തിന് പുറത്ത് രണ്ട് ദിവസത്തെ ഷൂട്ടിംഗ് മാത്രമുള്ള നിഴലിൻ്റെ ഭൂരിഭാഗവും എറണാകുളത്ത് തന്നെയായിരിക്കും ചിത്രീകരിക്കുന്നത് .വളരെ കുറച്ച് ശ്രദ്ധേയരായ അഭിനേതാക്കൾ മാത്രമുള്ള ചിത്രത്തിൽ ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് നയൻതാര കൈകാര്യം ചെയ്യുന്നത്. അതേസമയം, അഞ്ചാം പാതിരയ്ക്ക് ശേഷം വീണ്ടും ത്രില്ലർ ചിത്രത്തിൽ അഭിനയിക്കുന്ന ആവേശത്തിലാണ് കുഞ്ചാക്കോ ബോബൻ. മുൻപ് ട്വൻ്റി-20 എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ മാത്രം ഒന്നിച്ച് അഭിനയിച്ചിരുന്ന നയൻതാരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് നിഴൽ.
നവാഗതനായ സഞ്ജീവ് തിരക്കഥയെഴുതുന്ന സിനിമയുടെ ക്രിയേറ്റിവ് വിഭാഗത്തിൽ തീവണ്ടി സംവിധായകൻ ഫെല്ലിനിയുമുണ്ട്
‘ബ്ലൂ ബ്രിഗേഡ്’ എന്ന കുറിപ്പിനൊപ്പം പി പി ഇ കിറ്റ് ധരിച്ചുനിൽക്കുന്ന അണിയറപ്രവർത്തകരുടെ ചിത്രമാണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരിക്കുന്നത്. ഇപ്പോൾ എല്ലാ സിനിമകളുടെയും അണിയറപ്രവർത്തകരും ഷൂട്ടിംഗ് സമയത്ത് പരസ്പരം സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ ധരിക്കുന്നുണ്ട്.