ആരാധകർ ഏറെ കാത്തിരുന്ന വിവാഹമായിരുന്നു കാജലിൻ്റെത് . ചുവപ്പ് ലഹങ്കയിൽ അണിഞ്ഞൊരുങ്ങി മുംബൈ സ്വദേശി ഗൗതമിൻ്റ വധുവായി നടി കാജൽ അഗർവാൾ. രാത്രിയിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത് .
ഈ മാസം ആദ്യമായിരുന്നു വിവാഹനിശ്ചയം. അടുത്തിടെ നടന്ന ബാച്ചിലറേറ്റ് പാർട്ടി, മെഹന്ദി, ഹൽദി ചടങ്ങുകളുടെ ചിത്രങ്ങൾ കാജൽ പങ്കുവെച്ചിരുന്നു. മുംബൈയിലെ ഒരു സ്റ്റാർ ഹോട്ടലിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. പിങ്ക് നിറത്തിലുള്ള വേദിയിലാണ് കാജൽ അഗർവാളും ഗൗതം കിച്ച്‌ലുവും വിവാഹിതരായത്. ഫർണിച്ചർ, പെയിന്റിംഗ്, അലങ്കാരവസ്തുക്കൾ വിൽക്കുന്ന ഡിസെർൺ ലിവിംഗ് എന്ന കമ്പനിയുടെ സ്ഥാപകനാണ് ഗൗതം. ഗൗതമിനൊപ്പമുള്ള ദസറ ആഘോഷത്തിന്റെ ചിത്രങ്ങൾ നടി കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. വിവാഹത്തിന് മുമ്പുള്ള ആചാരങ്ങളും ചടങ്ങുകളും രണ്ടുദിവസം മുൻപാണ് ആരംഭിച്ചത്.
കൊവിഡ് പ്രതിസന്ധി കാരണം, വീട്ടിൽ വെച്ച് നടന്ന ആഘോഷങ്ങളിൽ വളരെ ലളിതമായ മെഹന്ദി ചടങ്ങായിരുന്നു നടന്നത്. കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത എന്ന ക്യാപ്ഷനൊപ്പമാണ് വിവാഹത്തിന് തയ്യാറാകുന്ന ചിത്രം കാജൽ നേരത്തെ പങ്കുവെച്ചിരുന്നു. കമൽ ഹാസന്റെ ‘ഇന്ത്യൻ 2’, ദുൽഖർ നായകനാകുന്ന ഹേ സിനാമിക എന്നീ ചിത്രങ്ങളിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കാജൽ വിവാഹ ശേഷവും സിനിമയിൽ സജീവമായി തുടരുമെന്നും അറിയിച്ചു.