ഗര്‍ഭഛിദ്ര നിരോധനം: നിലപാടില്‍ മാറ്റം വരുത്തി പോളണ്ട് പ്രസിഡന്റ്

പോളണ്ട്: പോളണ്ടിലെ പുതിയ ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട പുതിയ വിധിക്കെതിരെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ നിലപാടില്‍ മാറ്റം വരുത്തി

പോളിഷ് പ്രസിഡന്റ് ആന്‍ഡ്രെജ് ദുഡ. ഗര്‍ഭസ്ഥശിശുവിന് ഏതെങ്കിലും തരത്തിലുള്ള വൈകല്യമുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞാല്‍ ഗര്‍ഭഛിദ്രം നടത്തുന്നതിന് സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ ദിവസം വന്ന വിധിയ്ക്കിതിരേ പോളണ്ടിലെ തെരുവുകളില്‍ രാത്രിയെന്നും പകലെന്നുമില്ലാതെ പ്രതിഷേധം ആളിക്കത്തുകയാണ്. ആയിരക്കണക്കിന് സ്ത്രീകളാണ് രാജ്യത്തുടനീളം പ്രധാന നഗരങ്ങളില്‍ പ്രതിഷേധവുമായി ഇറങ്ങിയിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് പ്രസിഡന്റിന്റെ നിലപാട് മാറ്റം.

കോടതിവിധിയിലൂടെ രാജ്യത്ത് ഗര്‍ഭച്ഛിദ്രങ്ങള്‍ നിരോധിച്ചിരിക്കുകയാണ്. അമ്മയുടെ ജീവന് തന്നെ ഭീഷണിയാവുക, ബലാത്സംഗത്തെ തുടര്‍ന്ന് ഗര്‍ഭിണിയാവുക തുടങ്ങിയ സാഹചര്യങ്ങളിലൊഴികെ വേറൊരു സാഹചര്യത്തിലും ഗര്‍ഭഛിദ്രം അനുവദിക്കില്ലെന്നാണ് പുതിയ വിധി പറയുന്നത്. ഗര്‍ഭസ്ഥശിശുവിന് ഏതെങ്കിലും തരത്തിലുള്ള വൈകല്യമുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞാല്‍ പോലും ഇനി ഗര്‍ഭഛിദ്രം സാധ്യമാകില്ല. കഴിഞ്ഞ വര്‍ഷം നിയമപ്രകാരം നടന്ന 98 ശതമാനം ഗര്‍ഭച്ഛിദ്രവും ഗര്‍ഭസ്ഥശിശുവിനുണ്ടായ വൈകല്യത്തെ പ്രതിയുണ്ടായതാണ്.
പോളണ്ടില്‍ നിലവില്‍ത്തന്നെ വളരെ കര്‍ശനമായ ഗര്‍ഭച്ഛിദ്ര നിയമം നിലനില്‍ക്കുന്ന രാജ്യമാണ്. കണക്കുകള്‍ പ്രകാരം രണ്ടായിരത്തില്‍ താഴെ മാത്രം ഗര്‍ഭഛിദ്രമേ ഇവിടെ നടക്കുന്നുള്ളൂ എന്ന് പറയുമ്പോഴും ഏകദേശം രണ്ട് ലക്ഷം ഗര്‍ഭഛിദ്രമെങ്കിലും നിയമവിരുദ്ധമായോ വിദേശത്തുപോയോ നടക്കുന്നുണ്ടെന്ന് സ്ത്രീകളുടെ സംഘടനകള്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →