പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് മിശ്രവിവാഹിതരായ ദമ്പതികൾ സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി തള്ളി, വിവാഹത്തിനായി മാത്രമുള്ള മതപരിവർത്തനം അംഗീകരിക്കാനാകില്ലെന്നും കോടതി

അലഹബാദ് : പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് മിശ്രവിവാഹിതരായ ദമ്പതികൾ സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. വിവാഹത്തിനുവേണ്ടി മാത്രമുള്ള മതപരിവർത്തനം നിയമപ്രകാരം സാധുതയുള്ളതല്ലെന്ന് കോടതി പറഞ്ഞു.

സമാധാനപരമായ ദാമ്പത്യജീവിതത്തിൽ ഇടപെടരുതെന്ന് പോലീസിനോടും യുവതിയുടെ പിതാവിനോടും നിർദേശിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയിലാണ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി ഉത്തരവ് പുറപ്പെടുവിച്ചത്.
മതപരിവർത്തനം നടത്തി വിവാഹിതയായ യുവതിയും ഭർത്താവുമാണ് ഹർജി സമർപ്പിച്ചത്.

ഈ വർഷം ജൂലൈയിലാണ് ദമ്പതികൾ വിവാഹിതരായതെങ്കിലും യുവതിയുടെ കുടുംബാംഗങ്ങൾ ദമ്പതികളുടെ ദാമ്പത്യ ജീവിതത്തിൽ ഇടപെടുകയാണെന്ന് ഹരജിയിൽ പരാമർശിച്ചിരുന്നു.

“ അപേക്ഷക അവരുടെ മതത്തിൽ നിന്ന് മതം മാറിയെന്നും ഒരു മാസത്തിനുശേഷം വിവാഹബന്ധം ഉറപ്പിച്ചുവെന്നും കാണുന്നു. ഈ മതപരിവർത്തനം വിവാഹ ആവശ്യത്തിനായി മാത്രമുള്ളതാണെന്ന് കോടതിക്ക് വ്യക്തമായി ബോധ്യപ്പെട്ടിട്ടുണ്ട്. ”
ജസ്റ്റിസ് ത്രിപാഠി നിരീക്ഷിച്ചു. മുസ്ലീമായ യുവതി വിവാഹത്തിനായി മാത്രം ഹിന്ദുമതത്തിലേക്ക് വരികയായിരുന്നു.

2014 നൂർ ജഹാൻ ബീഗം കേസിലെ വിധിന്യായം പരാമർശിച്ച് വിവാഹ ആവശ്യത്തിനായി മാത്രം മതപരിവർത്തനം ചെയ്യുന്നത് സ്വീകാര്യമല്ലെന്ന് കോടതി വിധിച്ചു.
റിട്ട് ഹർജി കോടതി തള്ളി.

നൂർ ജഹാൻ ബീഗം കേസിൽ, വിവാഹിതരായ ദമ്പതികളുടെ സംരക്ഷണത്തിനായി ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കൂട്ടം റിട്ട് ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. അവിടെ സ്ത്രീ ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →