തിരുവനന്തപുരം: കോവിഡ് ഭേദമായവർക്ക് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളുടെ പരിഹാരത്തിനായി പ്രത്യേക ക്ലിനിക്കുകൾ തുടങ്ങാനുളള രൂപരേഖയായി. കോവിഡ് മുക്തരായ ശേഷം മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉളളവരുടെ എണ്ണം വർധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ ആരംഭിക്കുന്നത്. താഴെ തട്ടിലുള്ള പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ മുതൽ മെഡി.കോളേജ് വരെ ഇത്തരം ക്ലിനിക്കുകൾ തുടങ്ങാനാണ് തീരുമാനം.
കോവിഡ് ഭേദമായവർ തുടർന്നുള്ള മാസങ്ങളിൽ ക്ലിനിക്കിൽ എത്തി പരിശോധന നടത്തണം. ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളുടെ തീവ്രതയ്ക്കനുസരിച്ചാകും ഏത് തലത്തിലുള്ള ചികിത്സയാണ് വേണ്ടത് എന്ന് നിശ്ചയിക്കുക.
ഗുരുതരമായ പ്രശ്നങ്ങൾ ഉള്ളവരെ താലൂക്ക് ആശുപത്രികൾ, ജില്ലാ ജനറൽ ആശുപത്രി, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്ക് റഫർ ചെയ്യും. വിദഗ്ധരായ ഡോക്ടർമാരുടെ സംഘത്തെയും ഇവിടെ നിയോഗിക്കും. ടെലിമെഡിസിൻ സംവിധാനത്തിലൂടെയും രോഗമുക്തരായവർക്ക് ചികിത്സ തേടാം.
കോവിഡ് രോഗമുക്തർക്ക് നിരവധി ആരോഗ്യപ്രശ്‌നങ്ങൾ പ്രകടമാകുന്നതായി ലോകാരോഗ്യസംഘടന തന്നെ കണ്ടെത്തിയിട്ടുണ്ട്. ഹൃദയം, ശ്വാസകോശം, തലച്ചോറ്, നാഡീവ്യൂഹം, പേശികൾ എന്നിവയെ ബാധിക്കുന്ന രോഗങ്ങളും മാനസികപ്രശ്‌നങ്ങളും കാണുന്നതായി അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷ്യൻ നടത്തിയ പഠനത്തിൽ പറയുന്നു. രോഗം ഭേദമായവരിൽ 20 ശതമാനത്തിന് പ്രശ്‌നസാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഈ പഠനത്തിലുണ്ട്. കോവിഡ് മുക്തരായ പത്തിലൊരാൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ കാണുന്നതായി ബ്രിട്ടനിലെ ലീഡ്‌സ് ആൻഡ് ലീഡ്‌സ് ടീച്ചിങ് ഹോസ്‌പിറ്റൽസ് സർവകശാലശാലയുടെ പഠനത്തിലും പറയുന്നു.