വാഷിംഗ്ടൺ: രക്തം കട്ടപിടിക്കൽ, ആവർത്തിച്ചുള്ള പനി, ശ്വസന വ്യവസ്ഥയുടെ തകരാറുകൾ, 40% രോഗികൾക്കും മരണം,
പുതിയ ജനിതകരോഗത്തെ കണ്ടെത്തിയിരിക്കുകയാണ് അമേരിക്കയിലെ ഗവേഷകർ. ഈ രോഗത്താൽ കഷ്ടപ്പെടുന്ന നൂറുകണക്കിന് പുരുഷന്മാർ അമേരിക്കയിൽ ഉണ്ടെന്നും ഗവേഷകർ പറയുന്നു.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ ഗവേഷകരാണ് ‘വെക്സാസ് ‘ (VEXAS) എന്ന പുതിയ രോഗം കണ്ടെത്തിയത്.
“ കൃത്യമായ രോഗനിർണയം സാധിച്ചിട്ടില്ലാത്ത പലയിടത്തും വീക്കമുള്ള നിരവധി രോഗികൾ എൻഎഎച്ച് ക്ലിനിക്കൽ സെന്ററിലേക്ക് വരുന്നുണ്ടായിരുന്നു, ആദ്യഘട്ടത്തിൽ ഞങ്ങൾക്ക് അത് തിരിച്ചറിയാനായില്ല,” എൻഎച്ച്‌ജിആർഐയിലെ ക്ലിനിക്കൽ ഫെലോയും പ്രബന്ധത്തിൻ്റെ പ്രധാന രചയിതാവുമായ ഡോ. ഡേവിഡ് ബി. ബെക്ക് പറഞ്ഞു. ചൊവ്വാഴ്ച (27/10/20) ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ ആണ് പ്രബന്ധം പ്രസിദ്ധീകരിച്ചത്.
” രോഗലക്ഷണങ്ങളിൽ നിന്ന് അന്വേഷണമാരംഭിച്ചപ്പോൾ ഞങ്ങൾക്ക് ഒന്നും തിരിച്ചറിയാനായില്ല. ഒടുവിൽ ഞങ്ങൾ ജീനുകളുടെ ഒരു പട്ടികയിൽ നിന്ന് അന്വേഷണമാരംഭിച്ചു. ഈ രീതി ഉപയോഗിച്ച് ഒടുവിൽ ഞങ്ങൾ ‘യുബിഎ 1’ എന്ന ജീനിൽ ഒരേ മ്യൂട്ടേഷനുകൾ ഉള്ള മൂന്ന് മധ്യവയസ്കരായ പുരുഷന്മാരെ തിരിച്ചറിഞ്ഞു. രക്തം കട്ടപിടിക്കൽ, പനി തുടങ്ങിയ സമാന ലക്ഷണങ്ങളുള്ള മറ്റ് 22 പുരുഷന്മാരെയും ഞങ്ങൾ പിന്നീട് കണ്ടെത്തി “
അദ്ദേഹം പറഞ്ഞു.
ഈ നിരീക്ഷണങ്ങളാണ്
‘വെക്സാസ് ‘ എന്ന പുതിയ രോഗത്തിലേക്ക് ശാസ്ത്രജ്ഞരെ എത്തിച്ചത്.
എക്സ് ക്രോമസോമുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാലാകാം പുരുഷന്മാരിൽ മാത്രം ‘വെക്സാസ് ‘ കാണുന്നതെന്ന് ഗവേഷകർ സംശയിക്കുന്നു.
പ്രബന്ധം പ്രസിദ്ധീകരിച്ചതിനു ശേഷം രോഗം ബാധിച്ച 25 പേരെ കൂടി കണ്ടെത്തിയിട്ടുണ്ട്. യഥാർത്ഥത്തിൽ ഈ രോഗമുള്ളവരുടെ എണ്ണം വളരെ കൂടുതലായിരിക്കുമെന്നാണ് ഗവേഷകർ കരുതുന്നത്.

